ADVERTISEMENT

കോടഞ്ചേരി∙ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മേള നടക്കുന്ന കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയോരത്ത് സംസ്ഥാന ടൂറിസം വകുപ്പ് നിർമിച്ച രാജ്യാന്തര കയാക്കിങ് സെന്റർ തുറക്കാൻ നടപടി വൈകുന്നു. സംസ്ഥാന ടൂറിസം വകുപ്പ് 1.62 കോടി രൂപ അനുവദിച്ചു നിർമിച്ച ഇരു നില കെട്ടിടം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 6 മാസമായി. 

എന്നാൽ ഇതുവരെയും കയാക്കിങ് സെന്റർ തുറന്നു പ്രവർത്തിക്കുന്നതിനു നടപടിയായില്ല. കഴിഞ്ഞ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് കയാക്കിങ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചത്.

ചാലിപ്പുഴയുടെ തീരത്ത് ഇരു നില കെട്ടിടമാണ് കയാക്കിങ് സെന്ററിനു വേണ്ടി ടൂറിസം വകുപ്പ് നിർമിച്ചത്. കോൺഫറൻസ് ഹാൾ, ഒരു ഗാലറിയും ഒരു വിഐപി ഗാലറിയും ഒന്നാം നിലയിൽ നിർമിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ വസ്ത്രം മാറുന്നതിനുള്ള മുറികൾ, ശുചിമുറികൾ, അംഗ പരിമിതർക്കായി ശുചിമുറി, ഓഫിസ്, കയാക്കിങ് തോണികളും അനുബന്ധ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ, ഓപ്പൺ ഗാലറി, റിവർ സൈറ്റ് ഗാലറി എന്നിവയാണ് ഉള്ളത്.

കെട്ടിടത്തിലേക്ക് വൈദ്യുതി കണക്‌ഷനും ശുദ്ധജല സംവിധാനവും ഒരുക്കിയിട്ടുണ്ട്. പക്ഷേ ആവശ്യമായ ഫർണിച്ചർ വാങ്ങിയിട്ടില്ല.കയാക്കിങ് സെന്റർ സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ആസ്ഥാനമായുള്ള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്ക് കൈമാറാനാണ് നീക്കമെന്ന് അറിയുന്നു. കയാക്കിങ് സെന്ററിന്റെ നടത്തിപ്പിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണം, കയാക്കിങ് തോണികളും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും വാങ്ങേണ്ടതുണ്ട്.

2024 ജൂലൈ 25 മുതൽ 28 വരെയാണ് പത്താമത് രാജ്യാന്തര കയാക്കിങ് മേള ഇവിടെ നടക്കുക. അതിനു മുൻപ് തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ കയാക്കിങ് െസന്ററിന്റെ പ്രവർത്തനം ആരംഭിക്കേണ്ടതുണ്ട്.കയാക്കിങ് സെന്ററിനോടു ചേർന്ന് ചാലിപ്പുഴയിൽ കയാക്കിങ് മത്സരത്തിനുള്ള കയാക്കിങ് ഡൈവിങ് റാംപ് നിർമിക്കുന്നതിനും പുലിക്കയം ജംക്‌ഷൻ മുതൽ കയാക്കിങ് സെന്റർ വരെ റോഡിന് ഇരുവശവും മനോഹരമാക്കി ഇരിപ്പിടങ്ങളും പുഴയോരങ്ങളിൽ സുരക്ഷാ വേലികളും നിർമിക്കുന്നതിനും മുൻവർഷം എസ്റ്റിമേറ്റ് തയാറാക്കി വിശദമായ പ്രൊജക്ട് സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com