ADVERTISEMENT

വടകര ∙ ദേശീയപാത വികസന പ്രവൃത്തി മൂലം താറുമാറാകുന്ന സമീപ ടൗണുകളുടെ നിലനിൽപും യാത്രാ സൗകര്യവും ഉറപ്പു വരുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ഓർക്കാട്ടേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കുഞ്ഞിപ്പള്ളി ടൗൺ രണ്ടായി മുറിയുന്നതിനു പുറമേ മടപ്പള്ളി ഗവ.കോളജും സ്കൂളുകളുമുള്ള ഭാഗത്ത് അടിപ്പാത നിർമാണം അശാസ്ത്രീയമായതും പ്രതിഷേധത്തിനു കാരണമാണ്.പരിഹാരം വൈകിയാൽ ശക്തമായ പ്രക്ഷോഭം തുടങ്ങാ‍ൻ യോഗം തീരുമാനിച്ചു. 24 നു കടയടപ്പും ധർണയും നടത്തും. പ്രസിഡന്റ് പ്രശാന്ത് മത്തത്ത് ആധ്യക്ഷ്യം വഹിച്ചു. ഏരിയ സെക്രട്ടറി എം.എം.ബാബു, സുഹാസൻ, കെ.ടി.സെയ്ത്, ജയൻ പാലേരി എന്നിവർ പ്രസംഗിച്ചു.

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുത്
വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മടപ്പള്ളിയിലും പരിസരത്തും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുതെന്നു സിപിഎം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനു പരിഹാരമായി മടപ്പള്ളി കോളജ്, സ്കൂളുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര തടസ്സപ്പെടാത്ത വിധത്തിൽ അടിപ്പാതയും ഉയരപ്പാതയും പണിയണം.കെ.എം.സത്യൻ ആധ്യക്ഷ്യം വഹിച്ചു. സി.പി.സോമൻ, യു.എം.സുരേന്ദ്രൻ, കെ.പി.ജിതേഷ്, സി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.

കെ.കെ.രമ  എംഎൽഎ നിവേദനം നൽകി
വടകര∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മടപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്നും നാദാപുരം റോഡിൽ അനുവദിച്ച അടിപ്പാത മടപ്പള്ളി ഹയർ സെക്കൻഡറി സ്‌കൂൾ ജംക്‌ഷനിലേക്ക് മാറ്റണമെന്നും മുക്കാളിയിലെ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.കെ.രമ എംഎൽഎ തിരുവനന്തപുരത്ത് ദേശീയപാത അതോറിറ്റി ഡിവിഷനൽ ജനറൽ മാനേജർ അഭിഷേക് തോമസ് വർഗീസിനു നിവേദനം നൽകി.മടപ്പള്ളിയിൽ നേരത്തെ അടിപ്പാതയ്ക്കായി എംഎൽഎ വിവിധ അതോറിറ്റികളുമായി ബന്ധപ്പെട്ടിരുന്നു. മടപ്പള്ളിയിൽ ഗവ. കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവർക്കും വെള്ളികുളങ്ങര വഴി കുറ്റ്യാടിയിലേക്ക് പോകുന്നവർക്കും അടിപ്പാത സഹായകരമാകും. മലയോര മേഖലയിലുള്ളവർ ഉൾപ്പെടെ ഉള്ളവർക്ക് ദേശീയപാത വഴി കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്കു പോകാനും എളുപ്പമാകും. ആവശ്യങ്ങൾ ഉന്നയിച്ചു നാഷനൽ ഹൈവേ ചുമതല ഉള്ള മെംബർ സെക്രട്ടറി വെങ്കിട് രമണയ്ക്ക് എംഎൽഎ കത്തയച്ചു.

മടപ്പള്ളിയി‍ൽ കടയടപ്പും നിരാഹാര സമരവും
വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി വഴി അടയുന്ന മടപ്പള്ളിയിലും പരിസരത്തും അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി കടകൾ അടച്ച് ഹർത്താൽ ആചരിച്ചു.രാവിലെ തുടങ്ങിയ നിരാഹാര സമരം വൈകിട്ട് കെ.കെ.രമ എംഎൽഎ നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു.സമരത്തിന്റെ സമാപനം കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു.അടിപ്പാത അനുവദിക്കും വരെ എംഎൽഎ എന്ന നിലയിൽ ഏത് സമരത്തിനും മുൻനിരയിലുണ്ടാകുമെന്നും അവർ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ആധ്യക്ഷ്യം വഹിച്ചു.സംഘടനാ പ്രതിനിധികളായ ടി.പി.ബിനീഷ്, കൊയിറ്റോടി ഗംഗാധരക്കുറുപ്പ്, സുനിൽ മടപ്പള്ളി, നിവേദ് ആർ.സുരേഷ്, എം.ഷഹബാസ്, ടി.കെ.സിബി, ഇ.പി.ദാമോദരൻ, എം.ഇ.മനോജ് എന്നിവർ പ്രസംഗിച്ചു.

കുഞ്ഞിപ്പള്ളിയിൽ വ്യാപാരികൾ സമരത്തിലേക്ക്
അഴിയൂർ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പ്രവേശനം നിലനിർത്തി ടൗണിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്.കൃഷിഭവൻ, പൊലീസ് സ്റ്റേഷൻ, കുടുംബാരോഗ്യ കേന്ദ്രം, റേഷൻ ഷോപ്പ് തുടങ്ങി പൊതുജന സേവന കേന്ദ്രങ്ങളെല്ലാം ടൗണിലാണ്. മറ്റ് വ്യാപാരി സംഘടനകളെയും ജനപ്രതിനിധികളെയും കുഞ്ഞിപ്പള്ളി പരിപാലന സമിതിയെയും ഓട്ടോറിക്ഷ തൊഴിലാളികളെയും നാട്ടുകാരെയും അണിനിരത്തി ശക്തമായ സമരം നടത്താനാണ് തീരുമാനം.യോഗത്തിൽ കെ.എ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സമീർ മൊണാർക്ക്, അൻഫീർ സ്കൈ നെറ്റ്, വി.സി.ബാബു, അലി പറയിൽ, കെ.ബിജു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com