എംഡിഎംഎയുമായി യുവാവ് പിടിയിൽ
Mail This Article
കോഴിക്കോട്∙ കോഴിക്കോട് എംഇഎസ് കോളജ് സമീപത്തു നിന്നും 4.410 ഗ്രാം എംഡിഎംഎയുമായി പറമ്പിൽ സുഹൈബ് (24) പൊലീസ് പിടിയിലായി. ചേവായൂർ പൊലീസും ആന്റി നർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള നർകോറ്റിക് സെൽ ഷാഡോ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി നാട്ടിൽ നിന്നും 5 ഗ്രാം, 10 ഗ്രാം എംഡിഎംഎ വാങ്ങിയിട്ട് ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു .
എംഡിഎംഎ കൈവശം വച്ചതിന് ഇയാൾക്കെതിരെ മുൻപും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും എംഡിഎംഎ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. പലതവണ പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ ഇത്തവണ കൃത്യമായ നിരീക്ഷണത്തിലൂടെ പിടികൂടുകയായിരുന്നു.
ലഹരി വിൽപനയിലൂടെ പ്രധാനമായും സ്കൂൾ, കോളജ് വിദ്യാർഥികളെയാണ് ലക്ഷ്യമിട്ടിരുന്നത്. ആന്റി നർക്കോട്ടിക് എസി ടി.പി. ജേക്കബിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ എസ്ഐ നിമിൻ.കെ.ദിവാകരൻ, എസ്‌സി പി.ഒ.ശ്രീരാഗ്, ഡ്രൈവർ സിൻജിത് എന്നിവരും ആന്റി നർക്കോട്ടിക് ഷാഡോ എസ്ഐ മനോജ് എടയേടത്ത്, നർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളായ ദിനീഷ്, മഷ്ഹൂർ അതുൽ പി, ശ്യാംജിത്ത്, അതുൽ .ഇ.വി, അജിത്, അഭിജിത് എന്നിവരും അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.