ADVERTISEMENT

കോഴിക്കോട്∙ തൊണ്ണൂറു വയസ്സുള്ള കണാരൻ കട്ടിലിൽ കാലുനീട്ടിയിരിപ്പാണ്. മുറ്റത്ത് ചെളിവെള്ളം. ഷീറ്റുമേഞ്ഞ മേൽക്കൂരയാണ്. വീടെന്ന് വിളിക്കാൻ കഴിയുമോ? തൊട്ടപ്പുറത്തെ മുറിയിൽനിന്ന് ഭാര്യ എൺപത്തിയെട്ടുകാരി കല്യാണി വടികുത്തി പുറത്തേക്ക് പോയിട്ടുണ്ട്. മകൻ ചന്ദ്രന് കൂലിപ്പണിയെടുത്തു കിട്ടുന്നതാണ് വരുമാനം. ഇവർ വർഷങ്ങളായി താമസിക്കുന്ന തുണ്ടുഭൂമി പോലും ഇനിയും ഇവരുടെ സ്വന്തമല്ല.

കണാരന്റെ കുടിലു പോലെ ദുരിതവും സങ്കടവും നിറഞ്ഞ 42 വീടുകളുള്ള പ്രദേശമാണ് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ ജാനകിവയൽ. 53.66 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി. അതിൽ 3 ഏക്കറോളം സ്ഥലത്ത് മാത്രം 42 കുടുംബങ്ങൾ. കഴിഞ്ഞ അരനൂറ്റാണ്ടു കാലം തങ്ങൾ താമസിച്ച ഭൂമിയുടെ പട്ടയം ഇതുവരെ കിട്ടാത്തതിന്റെ ആശങ്കയിൽ കഴിയുകയാണ് ഇവർ.

വി.കെ.കൃഷ്ണമേനോന്റെ സഹോദരി വി.കെ.ജാനകിയമ്മയുടെ പേരിൽ ഏക്കറു കണക്കിനു ഭൂമിയാണ് ചങ്ങരോത്ത് പഞ്ചായത്തിലുണ്ടായിരുന്നത്. നിയമപ്രശ്നങ്ങളിൽ കുരുങ്ങിയ ഭൂമി, പിൽക്കാലത്ത് അനന്തരാവകാശികളില്ലാതായതോടെ സർക്കാർ പുറമ്പോക്കായി മാറി. 5 പതിറ്റാണ്ടു മുൻപ് ഇവിടെ പണിയെടുത്തും കിളച്ചും ജീവിച്ച മനുഷ്യർ കുടിലുകൾ കെട്ടി.

മാറിമാറി വരുന്ന സർക്കാരുകൾ ഇവർക്കു പട്ടയം കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ ആ വാക്ക് വെറും വാക്കായി. 14 വർഷമായി ഈ കുടുംബങ്ങൾ പട്ടയം ലഭിക്കാനുള്ള ശ്രമത്തിലാണ്. പല തവണ അപേക്ഷ നൽകി. ഉദ്യോഗസ്ഥരെ പോയിക്കണ്ടു. കലക്ടർമാരെ കണ്ടു. മുഖ്യമന്ത്രിമാർക്കു പരാതി നൽകി. 2011ൽ അന്നത്തെ വടകര എംഎൽഎ എം.കെ.പ്രേംനാഥ് ഈ പ്രശ്നത്തെക്കുറിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.

അതിന്റെ ഫലമായി താലൂക്ക് ഓഫിസിൽ നിന്നു സർവേ നടപടി ആരംഭിച്ചു. പക്ഷേ അതു പാതിവഴിയിലായി. ടി.പി.രാമകൃഷ്ണൻ എംഎൽഎയും ശ്രമം നടത്തിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. സർവേ നടത്തിയപ്പോൾ പുറമ്പോക്ക് ഭൂമി പൂർണമായി കണ്ടെത്താൻ കഴിഞ്ഞില്ല. പട്ടയം നൽകാനായി ഒരു പട്ടിക തയാറാക്കിയെങ്കിലും അത് അപൂർണമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് നടപടികളായില്ല.

സ്വന്തമായി പട്ടയമില്ലാത്തതിനാൽ ഇവർക്ക് കൃഷി വായ്പ ലഭിക്കില്ല. വീടുവയ്ക്കാൻ വായ്പ ലഭിക്കില്ല. വിദ്യാഭ്യാസ വായ്പ ലഭിക്കില്ല.  കുട്ടികൾക്ക് ഒരുതരത്തിലുമുള്ള ആനുകൂല്യവും ലഭിക്കില്ല. പലരും കൂലിപ്പണിയെടുത്ത് കിട്ടുന്ന പണം കൂട്ടിവച്ച് ചെറിയ വീടുകൾ പണിതിട്ടുണ്ട്. പണപ്പയറ്റ് നടത്തിയും വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയുമൊക്കെയാണ് വീട് പണിതത്. പക്ഷേ അതു പോലും സ്വന്തമല്ലെന്ന ആശങ്ക ചെറുതല്ല.

ജീവൻ‌ പോയാലും പിന്മാറില്ല..
കോഴിക്കോട്∙ ‘മിണ്ടാൻ വയ്യാത്തവരാണ് എന്റെ മോനും അവന്റെ ഭാര്യയും. നാളെ അവർക്ക് ആരോടെങ്കിലും പരാതി പറയാൻ പോലും കഴിയില്ല. കട്ടകെട്ടിയുണ്ടാക്കിയ കുടിലിലാണ് വർഷങ്ങളോളം താമസിച്ചിരുന്നത്. ഞങ്ങളുടെ ഒരു ജീവിതകാലത്തെ കഷ്ടപ്പാടാണ് ഈ വീട്. ഇതിന്റെ രേഖകൾ പോലും തരാത്തത് എന്താണ്?’–ജാനകിവയലിലെ താമസക്കാരിയായ കല്ലോത്ത് കമലയുടെ വാക്കുകളിൽ ആശങ്ക നിറയുന്നു.

3 ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ് കമലയുടെ ഭർത്താവ് കല്ലോത്ത് രാമചന്ദ്രൻ. ഹോട്ടൽ പണിക്കാരനായിരുന്നു.  അസുഖബാധിതനായതോടെ ജോലിക്കു പോകാതായി. കമലയുടെ കാലിന് ശസ്ത്രക്രിയ കഴിഞ്ഞതാണ്. മകളുടെ വിവാഹം കഴിഞ്ഞു.

10 വയസ്സുള്ള മകനുണ്ട്. കമലയുടെയും രാമചന്ദ്രന്റെയും മകന് ജന്മനാ സംസാരശേഷിയില്ല. മകന്റെ ഭാര്യക്കും സംസാരശേഷിയില്ല. ജീവൻപോയാലും സമരം ചെയ്തെങ്കിലും പട്ടയം വാങ്ങണമെന്നാണ് കമലയുടെ തീരുമാനം.

(കെ.ജി.രാമനാരായണൻ, സമരസമിതി പ്രവർത്തകൻ)
‘ഒരു വഴിയുമില്ലാതായപ്പോഴാണ് പ്രദേശവാസികൾ സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. എല്ലാവരെയും ഒരുപോലെ പരിഗണിച്ച് പട്ടയം അനുവദിക്കണം. മാനുഷിക പരിഗണന നൽകാൻ സർക്കാർ തയാറാകണം.

(പി.സി.സതീഷ്,  സമരസമിതി പ്രവർത്തകൻ)
‘ മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമാണ്. വേനൽക്കാലത്തുപോലും ചെളിയാണ്.  ഈ മണ്ണിലാണ് പാവം മനുഷ്യർ ചെറിയ കുടിലുകൾ കെട്ടി ജീവിക്കുന്നത്. സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്നമാണ്. പക്ഷേ ഇവിടെ വീടു പണിയാൻ പോലും ഭയമാണ്. കുടിയിറക്കപ്പെടുമോ എന്ന ഭയം.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com