ADVERTISEMENT

കോഴിക്കോട്∙ പരിചയപ്പെട്ടവർ ഡോക്ടർക്കു ചുറ്റും സുഹൃദ്‌വലയമാകുകയും അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുപിടിക്കാൻ നടത്തിയ പ്രയത്നത്തിന്റെയും ജീവസ്സുറ്റ കഥയാണ് ഇന്നു കാൻസർ ദിനത്തിൽ പ്രചോദനമേകുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച റേഡിയോ ഡയഗ്‌നോസിസ് വിഭാഗം പ്രഫസറായ ഡോ.പി.രാജനാണ് ഇതിലെ നായകൻ. ഒരിക്കലെങ്കിലും ചികിത്സ തേടി അദ്ദേഹത്തിനു മുന്നിലെത്തി, പിന്നീടൊരിക്കലും വിട്ടുപോകാനാകാത്തവിധം അദ്ദേഹത്തിന്റെ സൗഹൃദവലയത്തിൽ അകപ്പെട്ടുപോയവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങൾ. അതിൽ രാഷ്ട്രീയക്കാർ ഉൾപ്പടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവരുണ്ട്, ഒപ്പം സതീർഥ്യരായ ഡോക്ടർമാരുമുണ്ട്. 

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പഠിച്ച് അവിടെത്തന്നെ ജോലിയും നേടിയ ഡോ.പി.രാജൻ ജോലിയിലിരിക്കെ 2017ൽ ആണ് രോഗബാധിതനാകുന്നത്. ആവർത്തിച്ചു രക്തം ഛർദിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കരളിനു കാൻസറാണെന്നു കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായതിനാൽ സുഖമരണം അനുവദിക്കണമെന്നും അദ്ദേഹത്തെ ചികിത്സിച്ചു കഷ്ടപ്പെടുത്തരുതെന്നുമാണു മെഡിക്കൽ കോളജിലെ തന്നെ ഡോക്ടർമാരുടെ സ്നേഹോപദേശം. വിവരമറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പക്ഷേ, അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഡോക്ടറെ ചികിത്സിക്കണമെന്ന് അവരാണ് ഉറച്ച തീരുമാനമെടുത്തത് അതിൽ ചിലർ അദ്ദേഹത്തിനു മാറ്റിവയ്ക്കാൻ കരൾ കൊടുക്കാൻ തയാറായി മുന്നോട്ടുവരികയും ചെയ്തു. പക്ഷേ, അദ്ദേഹം സ്നേഹത്തോടെ അതെല്ലാം നിരസിച്ചു.

അവയവമാറ്റം മാത്രമാണു പരിഹാരമെന്ന് കൊച്ചി അമൃത ആശുപത്രിയിലെ വിദഗ്ധർ നിർദേശിച്ചതോടെ സുഹൃത്തുക്കൾ അതിനു ശ്രമം തുടങ്ങി. സുഹൃത്തുക്കളുടെ നിർബന്ധമില്ലായിരുന്നുവെങ്കിൽ‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് താൻ തയാറാകുമായിരുന്നില്ലെന്നും ഇന്നു ജീവനോടെ ഇരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തും ഡോ.ലോകേശൻ നായരുമാണ് ആദ്യാവസാനം ഡോക്ടർക്കു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. കരൾമാറ്റ ശസ്ത്രക്രിയയെക്കുറിച്ചു അന്വേഷിച്ചതിന്റെ ഭാഗമായി ഹൈദരാബാദിലെത്തിയ ജയന്ത്, വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരേസമയം റജിസ്റ്റർ ചെയ്യുന്നതാണ് ശസ്ത്രക്രിയ വേഗത്തിൽ നടക്കാൻ സഹായകമാവുകയെന്നു മനസ്സിലാക്കി 8 ആശുപത്രികളിൽ റജിസ്റ്റർ ചെയ്തു. ഒടുവിൽ 2017 ജൂലൈ 24ന് രാത്രി 11.30ന് ആശങ്കകൾക്ക് വിരാമമിട്ട്, പ്രാർഥനകൾക്കു മറുപടിയുമായി ആ വിളി വന്നു– സേലം മണിപ്പാൽ ആശുപത്രിയിൽനിന്ന്. പിറ്റേന്ന് രാവിലെ 7ന് സേലം ആശുപത്രിയിലെത്താൻ. തമിഴ്നാട്ടിൽ മരിച്ച ഒരാളുടെ കരൾ ഡോ.രാജനു മാറ്റിവയ്ക്കാൻ തയാറായിരിക്കുന്നു. 

2017 ജൂലൈ 25ന് ആയിരുന്നു ശസ്ത്രക്രിയ. തുടർ ചികിത്സകൾക്കൊടുവിൽ, 14 മാസത്തെ അവധിക്കുശേഷം ഡോ.രാജൻ ജോലിയിൽ തിരിച്ചെത്തി. 2021 മേയ് 31ന് ആണ് അദ്ദേഹം വിരമിച്ചത്. സിപിഎം അനുഭാവിയായ ഡോ.രാജൻ 2003 മുതൽ കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗമായിരുന്നു. കേന്ദ്ര സർക്കാരിന്റെ മരുന്നു ഇറക്കുമതി ഉപദേശകസമിതി അംഗവുമായിരുന്നു. 2021 മുതൽ മെഡിക്കൽ സർവകലാശാല ഗവേണിങ് കൗൺസിൽ അംഗമാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ചശേഷം ഉള്ളിയേരി മലബാർ മെഡിക്കൽ കോളജിൽ പ്രഫസറായി ജോലി ചെയ്തു വരുന്നു. വാടാനംകുറിശി സ്വദേശിയായ ഡോ.രാജൻ കോഴിക്കോട്ടാണു സ്ഥിരതാമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com