തൂവക്കടവ് നാലു സെന്റ് കോളനിക്കു സമീപം കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു
Mail This Article
കൂരാച്ചുണ്ട്∙ പഞ്ചായത്തിൽ ആറാം വാർഡിലെ കല്ലാനോട് തൂവക്കടവ് നാലു സെന്റ് കോളനിക്കു സമീപത്തെ കൃഷിയിടങ്ങളിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കക്കയം വനമേഖലയിൽ നിന്നു പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നാണ് ആന ഇന്നലെ പുലർച്ചെ തൂവക്കടവിൽ എത്തിയത്. ജോണി കാരക്കാട്ട്, മാത്യു പ്ലാത്തോട്ടത്തിൽ, അന്തോണി പുളിക്കൽ, ഹസ്സൻ വിളഞ്ഞിപ്ലാവിൽ എന്നിവരുടെ വാഴ, കമുക്, കൈതച്ചക്ക എന്നിവയാണ് തകർത്തത്. തൂവക്കടവ് കോളനിയിലും സമീപത്തുമായി അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയിൽ പോലും കാട്ടാന ഇറങ്ങുന്നതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരുന്നുണ്ട്. ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ചു.
കക്കയം മേഖലയിൽ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് ഓടിച്ചപ്പോൾ റിസർവോയർ നീന്തി തൂവക്കടവ് പ്രദേശത്തേക്ക് എത്തിയതാകാമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വനാതിർത്തിയിൽ തൂക്കു സൗരവേലി നിർമിച്ചാൽ മാത്രമേ കാട്ടാന പ്രശ്നം പരിഹരിക്കാനാകൂ. കക്കയം മുതൽ ഓട്ടപ്പാലം വരെ വന്യമൃഗ ശല്യം തടയാൻ വനാതിർത്തിയിൽ തൂക്കു സൗരവേലി നിർമിക്കാൻ വനം വകുപ്പ് തയാറാക്കിയ നൽകിയ എസ്റ്റിമേറ്റ് പ്രകാരം സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നു സ്ഥലം സന്ദർശിച്ച പഞ്ചായത്ത് മെംബർ അരുൺ ജോസ് ആവശ്യപ്പെട്ടു.