ADVERTISEMENT

ബാലുശ്ശേരി ∙ കാലങ്ങളായി സംസ്ഥാനം കാത്തിരിക്കുന്ന എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കിനാലൂരിനു വെറും പ്രതീക്ഷ മാത്രമാകുമോ എന്ന ആശങ്ക ശക്തമായി.പശ്ചാത്തല സൗകര്യങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ എയിംസിനു വേണ്ടി കിനാലൂരിനെ പരിഗണിച്ചത്. കേന്ദ്ര പ്രഖ്യാപനം ഉണ്ടായതുമില്ല, സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട തുടർ നടപടികൾ മന്ദഗതിയിലാവുകയും ചെയ്തു. ഇതോടെ വെട്ടിലായത് ഏറ്റെടുക്കൽ വിജ്‍ഞാപനത്തിൽ ഉൾപ്പെട്ട സ്വകാര്യ ഭൂമിയിൽ കഴിയുന്നവരാണ്. സംസ്ഥാന സർക്കാർ എയിംസിന് എല്ലാ സൗകര്യങ്ങളും ഉറപ്പു നൽകിയിട്ട് ഒട്ടേറെ കേന്ദ്ര ബജറ്റുകൾ കഴിഞ്ഞു. 9 വർഷം മുൻപാണ് കേന്ദ്ര സർക്കാർ കേരളത്തിനു എയിംസ് വാഗ്ദാനം ചെയ്തത്.

കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങിയതിനു ശേഷവും രണ്ട് കേന്ദ്ര ബജറ്റ് കഴിഞ്ഞു. പ്രതീക്ഷിച്ച പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല.200 ഏക്കർ ഭൂമിയാണ് എയിംസിനു വേണ്ടി സംസ്ഥാനം ഉറപ്പു നൽകിയത്. ഇതിൽ കെഎസ്ഐഡിസിയുടെ കൈവശം ഉണ്ടായിരുന്ന 150 ഏക്കർ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. ഭാവി വികസനം കൂടി ലക്ഷ്യമാക്കി 250 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ കിനാലൂരിൽ സജ്ജമാക്കുന്നത്. 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ ജൂണിലാണ് ഈ ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഇറങ്ങിയതിനു ശേഷമുള്ള തുടർനടപടികൾ വൈകിയതിനാൽ നാട്ടുകാരാണ് പ്രയാസത്തിലായത്. സ്ഥലം ഏറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മറ്റ് ഉത്തരവാദിത്തങ്ങളും നിർവഹിക്കേണ്ടതിനാൽ സർവേ പൂർത്തിയാക്കി നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com