ADVERTISEMENT

കോഴിക്കോട്∙ കണ്ണൂരിൽ നിന്നു മംഗളൂരു വഴി ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 16511/12  ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനമെടുത്തു രണ്ടാഴ്ച കഴിഞ്ഞിട്ടും സർവീസ് എന്നു നടപ്പാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ.രാഘവൻ എംപിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  ട്രെയിൻ സർവീസ് കോഴിക്കോട്ടേക്കു നീട്ടുന്നതിനെതിരെ  ദക്ഷിണ കന്നഡ ബിജെപി എംപി  നളീൻ കുമാർ‌ കാട്ടീൽ കത്ത് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് രാഘവൻ  മന്ത്രിയെ കണ്ടത്. 

അതേ സമയം, ദക്ഷിണ കന്നഡയിലെ ജനപ്രതിനിധികളുടെ എതിർപ്പ് വകവയ്ക്കാതെയാണ് ഈ തീരുമാനമെന്നും നേരത്തെ മംഗളൂരു സെൻട്രലിൽനിന്ന് കണ്ണൂരിലേക്ക് ദീർഘിപ്പിച്ചതു തന്നെ ജനങ്ങളുടെ എതിർപ്പ് അവഗണിച്ചാണെന്നും എംപി പറഞ്ഞു. ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കാനെടുത്ത തീരുമാനം റദ്ദാക്കുമെന്നുതന്നെയാണ്  പ്രതീക്ഷയെന്നും നളിൻ കുമാർ കാട്ടീൽ എംപി ‘മനോരമ’യോടു പറഞ്ഞു. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവും ഇതേ ആവശ്യം ഉന്നയിച്ചു റെയിൽവേയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. 

അതിനിടെ,  മംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ലഭിക്കുന്ന സീറ്റുകളിൽ കുറവു വരുമെന്ന വാദം ശരിയല്ലെന്നും കണ്ണൂരിലേക്ക് അനുവദിച്ച സീറ്റുകളാണ് കോഴിക്കോട്ടേക്കു പങ്കിടുകയെന്നുമാണ് റെയിൽവേ നൽകുന്ന വിവരം. ബെംഗളൂരുവിലേക്ക് കോഴിക്കോട്ടു നിന്ന് ഒരേയൊരു പ്രതിദിന ട്രെയിൻ മാത്രമുള്ളപ്പോൾ മംഗളൂരുവിൽ നിന്ന്, ദീർഘിപ്പിക്കുന്ന ട്രെയിനിനു പുറമേ 2 ട്രെയിനുകൾ കൂടി ബെംഗളൂരുവിലേക്ക് പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. റെയിൽവേ എടുത്ത തീരുമാനം നടപ്പാക്കാൻ എല്ലാ ശ്രമങ്ങളും പാർട്ടി നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ ‘മനോരമ’യോടു പറഞ്ഞു. പി.കെ.കൃഷ്ണദാസ് റെയിൽ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനായിരുന്ന കാലത്തു നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ട്രെയിൻ ദീർഘിപ്പിച്ചത്. അതു നിലനിർത്താൻ എല്ലാ ശ്രമവും പാർട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവ–മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടും
ന്യൂഡൽഹി ∙ ഗോവ–മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടാൻ നടപടിയാരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ.രാഘവൻ എംപിയെ അറിയിച്ചു. മംഗളൂരു– മധുര– രാമേശ്വരം എക്സ്പ്രസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 16610 മംഗളൂരു– കോഴിക്കോട് എക്സ്പ്രസ് മെമു റേക്കുകളായി മാറ്റി പാലക്കാട് വരെ നീട്ടി  സർവീസ് പുനഃക്രമീകരിക്കുക, മംഗളൂരുവിൽ നിന്നു പാലക്കാട് വഴി പുതിയ ബെംഗളൂരു സർവീസ് ആരംഭിക്കുക,  കടലുണ്ടി, മണ്ണൂർ, പി.ടി. ഉഷ റോഡ്, ബട്ട് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയിൽവേ ഫ്‌ളൈ ഓവറുകളും, കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണ്ടർ പാസുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും എംപി ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com