ADVERTISEMENT

ചാത്തമംഗലം ∙ കോഴിക്കോട് എൻഐടിയിൽ മലയാളി വിദ്യാർഥികൾക്ക് തിരിച്ചടിയായി സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിലിൽ (സാക്) മലയാളി ഇതര വിദ്യാർഥികൾക്ക് പകുതി സംവരണം. കഴിഞ്ഞ സെനറ്റ് യോഗത്തിലാണ് പുതിയ ഭേദഗതികൾ അവതരിപ്പിച്ചത്. എൻഐടിയിൽ വിദ്യാർഥി യൂണിയന് സമാനമായ അധികാരങ്ങളുള്ള ഔദ്യോഗിക വിദ്യാർഥി പ്രതിനിധി സഭയാണു 13 അംഗ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ. 11 വിവിധ ചുമതലയുള്ള സെക്രട്ടറിമാരെയും സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ എന്നീ പദവികളിൽ അടക്കം വിദ്യാർഥികളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു. 

മറ്റ് സർവകലാശാലകളിലെയും കോളജുകളിലെയും പോലെ വിദ്യാർഥികളുടെ അഭിപ്രായത്തിനും വോട്ടിനും മുൻതൂക്കം ലഭിക്കുന്ന വിദ്യാർഥികളായിരുന്നു ഇക്കാലമത്രയും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പുതിയ മാനദണ്ഡം അനുസരിച്ച് 6 സെക്രട്ടറി സ്ഥാനങ്ങൾ മലയാളികൾക്കും ശേഷിക്കുന്ന 6 സ്ഥാനങ്ങൾ മലയാളി ഇതര ഉത്തരേന്ത്യൻ വിദ്യാർഥികൾക്കും ആയിരിക്കും. എൻഐടിയിൽ കോടികളുടെ ബജറ്റിൽ നടക്കുന്ന തത്വ, രാഗം തുടങ്ങിയ പരിപാടികൾ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിലിന് കീഴിലുള്ള സെക്രട്ടറിമാരുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്.

പലപ്പോഴും അധികൃതരുടെ തീരുമാനങ്ങൾക്ക് എതിരെ വിദ്യാർഥികൾ സംഘടിക്കുന്നതും പ്രതിഷേധിക്കുന്നതും സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ്. മലയാളി വിദ്യാർഥികളുടെ പ്രാതിനിധ്യം കുറച്ച് ഇതിന് തടയിടുക എന്ന ലക്ഷ്യവും ഉണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ക്യാംപസിൽ മലയാളി വിദ്യാർഥികൾക്ക് ഭൂരിപക്ഷം ഉള്ളതിനാൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള വിദ്യാർഥികളുടെ പ്രാതിനിധ്യം സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിലിന് ലഭിക്കുന്നില്ലെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും വനിത, ന്യൂനപക്ഷ, പട്ടിക വിഭാഗം വിദ്യാർഥികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനാണ് നടപടി എന്നും എൻഐടി അധികൃതർ പറഞ്ഞു.

മർദനം: കേസെടുത്തു
കഴിഞ്ഞ 21നും 22നും ക്യാംപസിൽ നടന്ന മത ചടങ്ങുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന് അവസാന വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാർഥികൾക്ക് എതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു.  ഇന്ത്യൻ നോളജ് സിസ്റ്റം സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എൻഎസ് ക്ലബ് പരിപാടി വിവാദങ്ങൾക്കും വിദ്യാർഥി സംഘർഷത്തിനും പ്രതിഷേധങ്ങൾക്കും ഇടയാക്കിയതോടെ പരിപാടികൾ നടത്തുന്നതിന് മുൻപ് ഡീനിന് മുൻപിൽ പരിശോധിച്ച് അനുമതി വാങ്ങിയ ശേഷം നടത്തിയാൽ മതി എന്ന് നിർദേശം. വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ ഡോ.ജി.കെ.രജനീകാന്താണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.

മൊഴിയെടുക്കാനായില്ല
സമൂഹ മാധ്യമത്തിൽ ഗോഡ്സെ അനുകൂല കമന്റിട്ട സംഭവവുമായി ബന്ധപ്പെട്ട് എൻഐടി പ്രഫസർ ഷൈജ ആണ്ടവന്റെ മൊഴി എടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. താമസ സ്ഥലത്ത് എത്തിയെങ്കിലും കണ്ടെത്താനായില്ല എന്നാണ് അധികൃതർ പറയുന്നത്. പ്രഫസർ ഇന്നലെയും എൻഐടിയിൽ എത്തിയിട്ടില്ലെന്നും ഏതാനും ദിവസം അവധിയിലാണെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com