വെള്ളം തുറന്നു വിട്ടത് കാടുമൂടിയ കനാലിലേക്ക്

Mail This Article
നാദാപുരം∙ ജല സേചന പദ്ധതി കനാൽ തുറന്നതോടെ കനാൽ കാടു മൂടിക്കിടക്കുന്ന ഭാഗങ്ങളിലെ ജനം ഭീതിയിൽ. ഇന്നലെ യാണ് വലതു കര കനാൽ തുറന്നത്. ദിവസങ്ങൾക്കകം വെള്ളം ഈ ഭാഗങ്ങളിലേക്കെത്തും. വേനലിൽ നാടിന്റെ ദാഹമകറ്റുന്ന കനാലുകളെ ആശ്രയിക്കുന്നവർ ഏറെയാണ്. കനാലുകൾ പലയിടങ്ങളിലും കാട്ടിനുള്ളിലായ സ്ഥിതിയാണിപ്പോൾ. ഏറെ ഉയരമുള്ള റോഡുകളിൽ നിന്നു താഴേക്കു നോക്കിയാൽ കാണാൻ പോലും കഴിയാത്ത പരുവത്തിലാണുള്ളത്. മഴയ്ക്കിടയിൽ ഇരു ഭാഗങ്ങളിലുമായി തഴച്ചു വളർന്ന കാട്ടുചെടികൾ നീക്കം ചെയ്യാതെയാണ് ഇത്തവണ കനാൽ വെള്ളം തുറന്നു വിട്ടത്.
മാലിന്യങ്ങളും ഇതിനിടയിൽ തങ്ങിക്കിടപ്പുണ്ട്. മുൻപ്, തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചു കനാലുകൾ ശുചീകരിച്ചിരുന്നെങ്കിലും തൊഴിലുറപ്പു തൊഴിലാളികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗപ്പെടുത്തരുതെന്നാണ് ഇപ്പോൾ നിർദേശം. ചിലയിടങ്ങളിൽ നാട്ടുകാർ ശുചീകരണവും കാടു വെട്ടിത്തെളിയിക്കലും നടത്തിയെങ്കിലും പലയിടത്തും ഇത്തരം ജോലി നടന്നിട്ടില്ല. കൈക്കനാലുകളുടെ കാര്യം ഏറെ ദയനീയമാണ്. പലയിടങ്ങളിലും മണ്ണിടിഞ്ഞു കനാലുകളുടെ ഒഴുക്കു തടസ്സപ്പെടുമെന്ന സ്ഥിതിയാണുള്ളത്.