ആലമ്പാറയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
Mail This Article
ചക്കിട്ടപാറ ∙ പഞ്ചായത്തിൽ മൂന്നാം വാർഡിലെ ആലമ്പാറയിൽ കൃഷിഭൂമിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. മനയത്ത് ജോൺ, മനയത്ത് ജോസ് എന്നിവരുടെ 11 തെങ്ങ്, കമുക്, റബർ എന്നിവയാണ് കഴിഞ്ഞ രാത്രിയിൽ തകർത്തത്.ആലമ്പാറ വനമേഖലയിലെ സൗരവേലി പ്രവർത്തനരഹിതമായതാണു വന്യമൃഗ ശല്യത്തിനു പ്രധാന കാരണം. സൗരവേലി അറ്റകുറ്റപ്പണി നടത്താത്തതിനാൽ നശിക്കുകയാണ്. വന്യമൃഗ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് മാസങ്ങളായി വനം വകുപ്പ് പ്രദേശവാസികളായ വാച്ചർമാരെ നിയമിക്കാത്തത് പ്രശ്നമാണ്.
കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ വനം വകുപ്പ് പടക്കം ഉൾപ്പെടെ നൽകുന്നില്ലെന്നും കർഷകർ പറയുന്നു. കൃഷിനാശം സംഭവിച്ച വിവരം അറിയിച്ചിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടില്ല.ചെമ്പനോട ചെറുപാലം മുതൽ താളിപ്പാറ വരെ 8 കിലോമീറ്ററോളം ദൂരം സൗരവേലി പ്രവർത്തിച്ചാൽ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ സാധിക്കും. കാട്ടാന, കാട്ടുപോത്ത്, കാട്ടുപോത്ത്, കുരങ്ങ് ഉൾപ്പെടെ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നതിൽ കർഷകരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. തെങ്ങിൻ കരിക്ക് ഉൾപ്പെടെ വ്യാപകമായി കുരങ്ങുകൾ തകർക്കുകയാണ്. വന്യമൃഗ ശല്യം നിയന്ത്രിക്കാൻ വനം വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു.