നറുനിലാ ചിരിയിൽ വിരിയും സ്നേഹ സംസ്കാരം
Mail This Article
കോഴിക്കോട്∙ ‘‘ആഘോഷങ്ങളൊന്നും പതിവില്ല. പലരും കാണാൻ വരുന്നുണ്ട്. അത്രതന്നെ...’’ കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖത്ത് നിലാവുപോലുള്ള പുഞ്ചിരി വിരിഞ്ഞു. പുഞ്ചിരിയാണ് എന്നും പിതാവിന്റെ മുഖമുദ്ര. ഇന്നലത്തെ ദിവസത്തിന് 2 പ്രത്യേകതകളുണ്ടായിരുന്നു. ബിഷപ്പിന്റെ എഴുപത്തിയൊന്നാം പിറന്നാളായിരുന്നു ഇന്നലെ. ബിഷപ്പായി സ്ഥാനാരോഹണം നടത്തിയതിന്റെ 25 വർഷങ്ങൾ പൂർത്തിയായതും ഇന്നലെ.
കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത രൂപീകരിച്ചപ്പോഴാണ് 1999ൽ അദ്ദേഹം ബിഷപ്പായി നിയമിതനായത്. 46ാം പിറന്നാൾ ദിവസമായിരുന്നു അത്. സ്നേഹത്തിന്റെ സംസ്കാരം വളർത്തുകയെന്നതാണ് തന്റെ മാർഗമെന്ന് അദ്ദേഹം അന്നുമുതൽ പറഞ്ഞിരുന്നു. തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നടക്കുന്നൊരു ബിഷപ് നാട്ടുകാർക്ക് പുതുമയായിരുന്നു. തങ്ങളിലൊരാളായി കൂടെ നടക്കുന്ന ബിഷപ് വർഗീസ് ചക്കാലയ്ക്കൽ കണ്ണൂരിലെ ഹാസ്യവേദിയുടെ സജീവ പ്രവർത്തകനായിരുന്നു.
രജതജൂബിലിയും പിറന്നാളും ഒന്നിച്ചു വന്ന ദിവസമായിട്ടും ഇന്നലെ രാവിലെ മലാപ്പറമ്പിലെ ബിഷപ് ഹൗസിൽ രാവിലെ മുതൽ അദ്ദേഹം പതിവുപോലെ തന്റെ കൊച്ചുകൊച്ചു തിരക്കുകളിലായിരുന്നു. രാവിലെ പ്രാർഥനയ്ക്കും പ്രഭാതഭക്ഷണത്തിനും ശേഷം കാണാനെത്തിയ അതിഥികളോട് സംസാരിക്കലായിരുന്നു പ്രധാന പരിപാടി.
ബിഷപ് ഹൗസിലെ അന്തേവാസികളും ഔദ്യോഗിക പദവി വഹിക്കുന്ന പുരോഹിതൻമാരുമൊക്കെ ആശംസകൾ നേരാൻ വരുന്നുണ്ട്. മോൺ. ജെൻസൺ പുത്തൻവീട്ടിലും പുരോഹിതൻമാരും കേക്കുമായി എത്തി. ബിഷപ് ഹൗസിന്റെ അടുത്ത വീടുകളിലുള്ളവരും എത്തിയിരുന്നു. ‘‘ ഫോട്ടോ എടുക്കുന്നുണ്ട്. നന്നായി ചിരിച്ചാലേ ഭംഗിയുണ്ടാവൂ’’ എന്ന് ചുറ്റുമുള്ളവരോട് ബിഷപ് തമാശ പറഞ്ഞു.ഇന്നലെ വൈകിട്ടായതോടെ പല സ്ഥലങ്ങളിൽനിന്നുള്ള അതിഥികൾ എത്തിത്തുടങ്ങി. ഇന്നാണ് പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്.
രജത ജൂബിലി ആഘോഷങ്ങൾ കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ഇന്നു വൈകിട്ട് 4ന് നടക്കും. ബിഷപ് വർഗീസ് ചക്കാലയ്ക്കൽ കൃതജ്ഞതാ ബലിക്ക് കാർമികത്വം വഹിക്കും. മലങ്കര സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ സന്ദേശം നൽകും. ഭാരതത്തിലെ വത്തിക്കാൻ സ്ഥാനപതിയുടെ ആശംസ വായിക്കും.
സീറോ മലബാർ മുൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, റവ. ഡോ. തോമസ് ജെ.നെറ്റോ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കണ്ണൂർ ബിഷപ് അലക്സ് വടക്കുംതല, താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പങ്കെടുക്കും.