ജാനകിക്കാട് ഇക്കോ ടൂറിസം അവഗണന കേന്ദ്രം
Mail This Article
പേരാമ്പ്ര ∙ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം. ജില്ലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായിട്ടും അവഗണന മാത്രം. സഞ്ചാരികളെ ആകർഷിക്കാൻ പുഴയിൽ മുളയുടെ ചങ്ങാടം, കാടിനുള്ളിൽ ഏറുമാടം എന്നിവ ഉണ്ടായിരുന്നു. കാലപ്പഴക്കത്താൽ ഇവയൊക്കെ പൂർണമായും നശിച്ചു.
വനത്തിനുള്ളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമാണ്. കാടിനുള്ളിൽ കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും അരികു കെട്ടി സംരക്ഷിക്കുകയോ കൈവരികൾ നിർമിക്കുകയോ ചെയ്തിട്ടില്ല. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ ചവറംമൂഴി പുഴയ്ക്ക് പാലം നിർമിക്കാത്തതു മൂലം സഞ്ചാരികൾ ഏറെ പ്രയാസപ്പെടുകയാണ്. ചവറംമൂഴിയിൽ നിന്നു കാടിന്റെ ഉള്ളിലേക്കു പ്രവേശിക്കാൻ ജലസേചന വകുപ്പിന്റെ വീതി കുറഞ്ഞ നീർപ്പാലം മാത്രമാണ് ആശ്രയം.
നീർപ്പാലത്തിന് ഇരുവശങ്ങളിലും കൈവരി തകർന്നിട്ട് വർഷങ്ങളായി. ഇത് പലപ്പോഴും അപകടങ്ങൾ വരുത്തുകയാണ്. ഇരുചക്ര വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമില്ല. വരുന്ന വാഹനങ്ങൾ റോഡിൽ നിർത്തണം. കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാലുകൾ പോലും ഇല്ല. കുട്ടികൾക്ക് 15 രൂപയും, മുതിർന്നവർക്ക് 30 രൂപയും വിദേശികൾക്ക് 50 രൂപയും പ്രവേശന ഫീസ് ഈടാക്കിയിട്ടും സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾ തയാറാകാത്തതിനാൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.
ഇവിടേക്ക് ബസ് സർവീസ് ഇല്ലാത്തതു മൂലം നാട്ടുകാരും സഞ്ചാരികളും ഏറെ പ്രയാസപ്പെടുകയാണ്. നിരീക്ഷണ സംവിധാനം ഇല്ലാത്തതിനാൽ ഇവിടം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്.