കക്കയം പവർഹൗസ് പെൻസ്റ്റോക്ക് നിർമാണം: ഭൂമി വിട്ടുകൊടുത്തവർക്ക് 18 വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി
Mail This Article
കോഴിക്കോട് ∙ കെഎസ്ഇബിക്ക് കക്കയം പവർഹൗസിന്റെ പെൻസ്റ്റോക്ക് നിർമിക്കുന്നതിനായി ഭൂമി വിട്ടുകൊടുത്ത 5 കുടുംബങ്ങൾക്ക് 18 വർഷമായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നു പരാതി. കൂരാച്ചുണ്ട് വില്ലേജിലെ കക്കയം മലവാരത്തിൽ താമസിക്കുന്ന പൂവത്തിങ്കൽ പ്രജീഷ്, കൂവപ്പൊയ്കയിൽ ലീല, കുറുമുട്ടത്ത് മാത്യു, പൂവത്തിങ്കൽ ത്രേസ്യാമ്മ, കുറുമുട്ടത്ത് ജോസ് എന്നിവരുടെ ഒന്നരയേക്കർ ഭൂമിയാണ് 2005ൽ കെഎസ്ഇബി ഏറ്റെടുത്തത്.
ഈ സമയത്ത് വനം വകുപ്പ് ഈ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഭൂ ഉടമകൾക്ക് സ്ഥലത്തിന്റെ വില നൽകാതെ മേൽ ആദായങ്ങൾക്ക് നാമമാത്ര വിലയാണ് കെഎസ്ഇബി നൽകിയത്. ഭൂമിയുടെ വില കെഎസ്ഇബി വനം വകുപ്പിനു നൽകുകയും ചെയ്തു. എന്നാൽ 2018ൽ ഈ ഭൂമിയുടെ അവകാശവാദം തെറ്റായി സംഭവിച്ചതാണെന്ന് വനം വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു പ്രകാരം ഈ കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശ രേഖകളും ലഭിച്ചതാണ്.
എന്നാൽ ഇതിനു ശേഷവും കെഎസ്ഇബി ഈ ഭൂമിക്ക് ലീസ് വാടക തുടർന്നു പോന്നു. ഇതു റദ്ദാക്കുന്നതിനായി വനം മന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഇടപെട്ട് വാടക റദ്ദാക്കി ഉത്തരവ് ഇറക്കി. ഈ ഉത്തരവ് കെഎസ്ഇബിക്ക് കൈമാറിയിട്ട് 2 വർഷം ആകാറായിട്ടും കെഎസ്ഇബി തങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം തരുന്നില്ലെന്നാണ് പരാതിക്കാരി കൂവപ്പൊയ്കയിൽ ലീല പറയുന്നത്. മുഖ്യമന്ത്രിയുടെ അദാലത്തിലും കലക്ടറുടെ അദാലത്തിലും പ്രശ്ന പരിഹാരവുമായി ഈ കുടുംബങ്ങൾ പോയിരുന്നെങ്കിലും ഇതുവരെ പ്രശ്നത്തിനു പരിഹാരം ഉണ്ടായിട്ടില്ല.