ADVERTISEMENT

കോഴിക്കോട്∙ 15 വർഷം പിന്നിട്ട സ്വകാര്യ ബസുകൾക്കു പെർമിറ്റ് പുതുക്കാൻ 5 വർഷം കൂടി നൽകി സർക്കാർ അനുവദിച്ച ഇളവിന്റെ സമയപരിധി കഴിഞ്ഞു. ജില്ലയിൽ പല റൂട്ടുകളിലും പെർമിറ്റില്ലാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഒട്ടേറെ. കാലാവധി കഴിഞ്ഞു പെർമിറ്റ് പുതുക്കാത്ത ബസുകൾ സർവീസ് നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്.

സ്റ്റേജ് കാര്യേജ് ആയി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ 15 വർഷത്തിനു ശേഷം സർവീസ് നടത്തരുതെന്നു 2019ൽ കേന്ദ്ര ഹരിത ട്രൈബ്യൂണൽ നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ സർക്കാരിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണൽ വിധി മറികടക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചില്ല. പകരം കോവിഡ് കാലത്തിന്റെ പേരിൽ 5 വർഷം കൂടി സർവീസ് നടത്താൻ അനുമതി നൽകി. 2019ൽ 15 വർഷം കാലാവധി പൂർത്തിയായ ബസുകൾക്ക് അങ്ങനെ പെർമിറ്റ് പുതുക്കാൻ 5 വർഷം കൂടി സമയം കിട്ടി. 2024 ജനുവരി 29 വരെ ആയിരുന്നു കാലാവധി.

എന്നാൽ കാലാവധി പൂർത്തിയായി 10 ദിവസം പിന്നിട്ടിട്ടും അറുപതോളം ബസുകൾ ജില്ലയിൽ വിവിധ റൂട്ടിൽ യാത്രക്കാരുമായി സർവീസ് നടത്തുന്നതായാണ് മോട്ടർ വാഹന വകുപ്പിനു ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ ഇന്നു മുതൽ പരിശോധന നടത്തും. സ്വകാര്യ ബസ് ഉടമകൾ ഈ വിഷയത്തിൽ വകുപ്പു മന്ത്രിയുമായി പല തവണ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് പുതുക്കാൻ രണ്ടു വർഷം കൂടി അനുവദിക്കാമെന്നു പറഞ്ഞെങ്കിലും സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല.

പെർമിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നടത്തുന്നതായി സൂചന ലഭിച്ച സാഹചര്യത്തിൽ ഇന്നു മുതൽ മോട്ടർ വാഹന വകുപ്പ് കർശന പരിശോധന നടത്തും. ജില്ലയിലെ വിവിധ ആർടി ഓഫിസിലെ 9 ജോയിന്റ് ആർടിഓയുടെ നേതൃത്വത്തിലാണ് പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com