ADVERTISEMENT

കോഴിക്കോട്∙ കെഎൽകെ 7837 അംബാസഡർ കാർ... ചുറ്റും കാടുമൂടിയ കുന്നത്തറ ടെക്സ്റ്റൈൽസ്. 12 ഏക്കർ കോംപൗണ്ടിന് അകത്ത് തകർച്ച നേരിട്ടു തുടങ്ങിയ കെട്ടിടത്തിന്റ പോർച്ചിൽ പ്രതാപകാലത്തിന്റെയും കെടുകാര്യസ്ഥതയുടെയും അടയാളമായി കിടക്കുകയാണ് തുരുമ്പെടുത്ത ആ കാർ. കമ്പനിയെ നേർവഴിക്കു നയിക്കേണ്ട എംഡിയുടെ കാർ ആയിരുന്നു അത്.

തൊഴിലാളികൾക്ക് 18 മാസത്തെ ശമ്പളം ലഭിക്കാൻ ബാക്കിനിൽക്കെ 1994ൽ പൂട്ടുമ്പോൾ നെയ്തെടുത്ത തുണിക്കെട്ടുകൾ വിൽപന നടത്താതെ കമ്പനിക്കുള്ളിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പ്രതാപകാലം അസ്തമിച്ചതിനൊപ്പം ഈ തുണിത്തരങ്ങളും കമ്പനിക്കുള്ളിൽ കിടന്നു നശിച്ചതായി തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.

1978ൽ പ്രവർത്തനം ആരംഭിച്ച കുന്നത്തറ ടെക്സ്റ്റൈൽസ് 1994 നവംബർ 21ന് ആണ് പൂട്ടിയത്. 30 വർഷമായി പൂട്ടിക്കിടക്കുന്ന കുന്നത്തറ ടെക്സ്റ്റൈൽസ് ഇന്ന് കാടുമൂടിയ 12 ഏക്കറും തകർച്ച നേരിടുന്ന വലിയൊരു കെട്ടിടവുമാണ്. അതിനകത്ത് കോടികൾ വിലമതിക്കുന്ന യന്ത്രോപകരണങ്ങൾ നശിക്കുന്നു. 400 പവർലൂമുകൾ മാത്രം ഇവിടെയുണ്ട്.

പൂട്ടുമ്പോൾ ജോലിയിലുണ്ടായിരുന്ന 602 തൊഴിലാളികൾക്കാണ് ഇനിയും ആനുകൂല്യങ്ങൾ ലഭിക്കാനുള്ളത്. സർക്കാരിന്റെ പുതിയ നീക്കം തങ്ങൾക്ക് ആനുകൂല്യം ലഭിക്കാൻ സഹായകരമാകുമോ എന്നാണ് തൊഴിലാളികളുടെ അന്വേഷണം. കുന്നത്തറ വർക്കേഴ്സ് വെൽഫെയർ കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.പ്രഭാകരൻ, മുൻ ചെയർമാനും കുന്നത്തറ ഇൻവെസ്റ്റ് കമ്പനി സ്ഥാപകരിലൊരാളുമായ പി.വി.ഭാസ്കരൻ കിടാവ്, കൺവീനർ പി.ബാലകൃഷ്ണൻ കിടാവ് എന്നിവർ ഇക്കാര്യത്തിൽ സർ‌ക്കാരിന്റെ അനുകൂല സമീപനം പ്രതീക്ഷിക്കുകയാണ്.

സ്വയംതൊഴിൽ കണ്ടെത്താനാണ് 5000 രൂപ വീതം സമാഹരിച്ച് 600 പേർ കുന്നത്തറ ഇൻവെസ്റ്റ് കമ്പനി തുടങ്ങിയത്. ഈ കമ്പനിയാണ് കുന്നത്തറ ടെക്സ്റ്റൈൽസിനു വഴിതുറന്നത്. സ്വയംതൊഴിൽ കണ്ടെത്താൻ മുടക്കിയ 5000 രൂപയോ തങ്ങൾ പിന്നീട് വിയർപ്പൊഴുക്കിയതിന്റെ പ്രതിഫലമോ തിരിച്ചുകിട്ടാതെയാണ് ഇവരിൽ പലരും ലോകത്തോടു വിട പറഞ്ഞത്. അവശേഷിക്കുന്നവരാവട്ടെ ഇനിയെന്നു തങ്ങളുടെ അധ്വാനത്തിന്റെ ഫലം സർക്കാർ തരുമെന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു.

തുടക്കത്തിൽ വിപണി പിടിച്ചടക്കിയ കമ്പനി അസംസ്കൃത വസ്തുവായ നൂൽ വാങ്ങാൻ പണമില്ലാതെയാണ് പൂട്ടുന്നതിലേക്ക് നീങ്ങിയത്. തിരുവണ്ണൂർ മില്ലിൽ ഉൽപാദിപ്പിച്ച നൂൽ കോയമ്പത്തൂരിലെ സ്വകാര്യ ഏജൻസിക്കു വിറ്റ് അവിടെനിന്ന് വൻതുക നൽകിയാണ് ഇതേ നൂൽ കുന്നത്തറ മില്ലിലേക്ക് വാങ്ങിയിരുന്നത്. കമ്മിഷൻ വ്യവസ്ഥകളോടെ അസംസ്കൃത വസ്തുക്കൾ വാങ്ങുന്ന ഈ രീതി കമ്പനിയെ തകർച്ചയിലേക്കു നയിച്ചു. 

നൂൽ വാങ്ങിയ വകയിൽ കിട്ടാനുള്ള വെറും 2,76,000 രൂപയ്ക്കായി 2 സ്വകാര്യ ഏജൻസികൾ നൽകിയ കേസിലാണ് 2001ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തത്. കമ്പനി ആസ്തി വിൽപന നടത്തി കടം വീട്ടാനാണ് അന്ന് ഹൈക്കോടതി ഉത്തരവായത്. നൂൽ നൽകിയ വകയിൽ കിട്ടാനുള്ള 30 ലക്ഷം രൂപയ്ക്കായി മറ്റൊരു ഏജൻസി നൽകിയ കേസ് ഇപ്പോൾ ‍5 കോടി രൂപ വേണമെന്ന ആവശ്യത്തിലെത്തി നിൽക്കുകയാണ്. പല തവണ കമ്പനി ലേലത്തിൽ വിറ്റു നഷ്ടം തീർക്കാൻ ശ്രമം നടത്തിെയെങ്കിലും തൊഴിലാളികളുടെ എതിർ‍പ്പു കാരണം നടന്നില്ല. 

2018ലെ കമ്മിഷൻ റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ആസ്തി 4.52 കോടി രൂപയാണ്. സ്ഥലവിലയായി കമ്മിഷൻ കണക്കാക്കിയ സെന്റ് ഒന്നിന് 25,000 രൂപയ്ക്കു പകരം ഇവിടെ 3 ലക്ഷം രൂപയെങ്കിലും സെന്റിനു വില മതിക്കുമെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. 

പൂട്ടുമെന്ന് പ്രഖ്യാപിച്ചതിലൂടെ എന്താണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് റിപ്പോർട്ട് വായിച്ച തൊഴിലാളികൾ. സ്വകാര്യ മൂലധന നിക്ഷേപത്തിനു മുൻഗണന നൽകി പുതിയ ബജറ്റ് അതരണം നടന്ന സാഹചര്യത്തിൽ അത്തരത്തിലൊരു നീക്കം കുന്നത്തറയിൽ നടന്നേക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെയെങ്കിലും തങ്ങളുടെ ആനുകൂല്യം ലഭിച്ചാൽ ഇവർക്ക് ആശ്വാസമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com