മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുതിയ സിടി സ്‌കാൻ യന്ത്രം
Mail This Article
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിലെ പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ അത്യാഹിതവിഭാഗത്തിൽ പുതിയ സിടി സ്‌കാൻ യന്ത്രം പ്രവർത്തനം ആരംഭിച്ചു. 4 കോടി രൂപ ചെലവ് വരുന്ന അത്യാധുനിക സിടി ഒരാഴ്ച പരീക്ഷണം നടത്തിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. അപകടത്തിൽപെട്ടവരെയും അത്യാസന്ന നിലയിലുള്ളവരെയും അത്യാഹിത വിഭാഗത്തിൽ നിന്ന് ആകാശപാതയിലൂടെ എംസിഎച്ചിൽ എത്തിച്ചാണ് സ്‌കാനിങ് നടത്തിയിരുന്നത്.
ഇതുമൂലം രോഗികളും ബന്ധുക്കളും ഏറെ ബുദ്ധിമുട്ടിയിരുന്നു. രോഗികളെ നിരീക്ഷണത്തിന് പ്രവേശിപ്പിക്കുന്ന യെല്ലോ ഏരിയയ്ക്കു സമീപമാണ് സ്‌കാനർ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ റിപ്പോർട്ട് നൽകാനുള്ള സ്റ്റേഷൻ സജ്ജീകരിക്കാത്തതിനാൽ രോഗികൾക്ക് നിലവിൽ എംസിഎച്ചിലെത്തി വേണം അത് ശേഖരിക്കാൻ.
സ്‌കാനിങ് കഴിഞ്ഞ് 2 മണിക്കൂറിനകം റിപ്പോർട്ട് ലഭ്യമാകും. ഇത് കൂടുതൽ വേഗത്തിലാക്കാൻ 2 കോടിയോളം ചെലവ് വരുന്ന പാക്‌സ് സിസ്റ്റം (പിക്ചർ ആർക്കൈവിങ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം) സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.