ADVERTISEMENT

താമരശ്ശേരി∙ നഗരത്തിലെ റന ജ്വല്ലറി കവർച്ചാ കേസിൽ പൊലീസിന് നിർണായക തെളിവായത് പ്രതിയുടെ ഇടതു കാലിന്റെ പ്രത്യേകത. കാലിലെ പെരുവിരലും അടുത്ത വിരലും തമ്മിൽ ഏറെ അകലമുണ്ട്. വിരലുകളുടെ വലുപ്പത്തിലും പ്രത്യേകതയുണ്ട്. ഈങ്ങപ്പുഴയിൽ ഇവർ നടത്തിയ കവർച്ചയുടെ സിസിടിവി ദൃശ്യത്തിൽ നിന്നാണു കാലിന്റെ ഈ പ്രത്യേകത അന്വേഷണം സംഘം തിരിച്ചറിഞ്ഞത്. തുടർന്നു താമരശ്ശേരിയിലെ കവർച്ചയുടെ സിസിടിവി ദൃശ്യത്തിലും കവർച്ചാ സംഘത്തിൽ ഒരാളുടെ കാലിൽ ഈ പ്രത്യേകത കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കവർച്ച ആസൂത്രണം ചെയ്തതു പൊലീസിന്റെ തൊട്ടുമുന്നിലെ വാടക വീട് കേന്ദ്രീകരിച്ചാണെന്നത് അന്വേഷണ ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഞെട്ടിക്കുന്ന വിവരമായിരുന്നു. താമരശ്ശേരി പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫിസിനും പിൻഭാഗത്തായി ചാലുമ്പാട്ടിലെ വാടക വീട്ടിൽ താമസിച്ചാണു പ്രതികൾ കവർച്ചയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്.

ചെറിയ വാടകവീട്ടിൽ സാധാരണക്കാരെ പോലെ കഴിഞ്ഞത് കൊണ്ട് ഇവരെ ആരും സംശയിച്ചതുമില്ല. കവർച്ചയ്ക്കു ശേഷം പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള കെടവൂർ പള്ളിപ്പുറത്ത് വാടകവീട് എടുത്താണ് പിടിയിലായ പ്രതിയും കുടുംബവും താമസിച്ചിരുന്നത്. കവർച്ച നടന്ന ജ്വല്ലറിയിൽ എത്തിച്ച പൊലീസ് നായ മണം പിടിച്ച് ഓടിയതും ഇവർ താമസിച്ച ഭാഗത്തുള്ള ഇടവഴിയിലൂടെയാണ്.

മോഷ്ടാക്കൾ പുറത്തു നിന്നുള്ളവരല്ലെന്ന് അന്വേഷണ സംഘത്തിന് ഉറപ്പിക്കുന്നതിന് ഇത് കാരണമാവുകയും ചെയ്തു.ഇതോടെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പറ്റിയുള്ള സൂചന ലഭിച്ചത്. ഇതിനായി താമരശ്ശേരി മുതൽ കോഴിക്കോട് വരെ നൂറോളം സിസിടിവികൾ പരിശോധിച്ചു.

മോഷ്ടാക്കൾ ജ്വല്ലറിയിൽ‌ചെലവിട്ടത് 4 മണിക്കൂർ
ജ്വല്ലറിയുടെ ചുമര് തുരന്ന് ആദ്യം അകത്തു കയറിയത് നവാഫ് ആണ്. തുടർന്ന് സഹോദരൻ നിസാറും സുഹൃത്തും അകത്ത് കടന്നെങ്കിലും പിന്നീട് സുഹൃത്ത് പുറത്ത് ഇറങ്ങി പരിസരം വീക്ഷിച്ച് നിൽക്കുകയായിരുന്നു. പ്രതികൾ 4 മണിക്കൂറോളം ചെലവഴിച്ചാണ് കളവ് നടത്തിയത്. പ്രതിയുടെ സഹോദരൻ നിസാറിന്റെ വീട്ടിലെ അലമാരയുടെ മുകളിലാണു പിടികൂടിയ സ്വർണം സൂക്ഷിച്ചിരുന്നത്.

താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു. ഇന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ബാക്കി സ്വർണം സംബന്ധിച്ചും മറ്റുമുള്ള കൂടുതൽ വിവരം ലഭിക്കും. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഇന്നലെ പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ടൗണിൽ പൊലീസ് സ്റ്റേഷന് സമീപത്തെ റന ജ്വല്ലറിയിൽ നിന്ന് 50 പവന്റെ ആഭരണങ്ങൾ കവർച്ച നടത്തിയ കേസിലെ മുഖ്യ പ്രതി പൂനൂർ പാലം തലക്കൽ നവാഫാണ് (27) അറസ്റ്റിലായത്. പള്ളിപ്പുറത്തെ വാടക ഫ്ലാറ്റിൽ നിന്നാണ് കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ 157 ഗ്രാം സ്വർണം കൂട്ടു പ്രതിയായ സഹോദരൻ തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്ന് കണ്ടെത്തി. പ്രതിയുടെ സഹോദരൻ നാസറും സുഹൃത്തും ഉൾപ്പെടെ രണ്ട് പേരെ കൂടി പിടികിട്ടാനുണ്ട്. ഡിസംബർ 28ന് ഈങ്ങാപ്പുഴയിലെ കുന്നുമ്മൽ ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമര് തുരന്ന് 500 ഗ്രാം വെള്ളി ആഭണങ്ങളും 10000 രൂപയും കവർച്ച നടത്തിയതും ഇതേ സംഘമാണെന്ന് പൊലീസ് പറഞ്ഞു.

2020ൽ താമരശ്ശേരിയിൽ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരു മാസം നവാഫ് ജയിലിൽ കഴിഞ്ഞിരുന്നു. പ്രതിയും സഹോദരനും നിലവിൽ താമരശ്ശേരി കോരങ്ങാട് കെപി ചിപ്സ് എന്ന കട നടത്തുകയാണ്. മുൻ കുറ്റവാളികളെ പറ്റിയുള്ള അന്വേഷണത്തിലാണ് നവാഫിനെ കുറിച്ച് സൂചന ലഭിച്ചത്.

ഡിവൈഎസ്പി പി.പ്രമോദ്, ഇൻസ്പെക്ടർമാരായ ഒ.കെ.പ്രദീപ്, എ.സായൂജ് കുമാർ, എസ്ഐമാരായ കെ.ജിതേഷ്, പി.രാജീവ് ബാബു, പി.ബിജു, ഷിബിൽ ജോസഫ്, പി.ഷാജി, എഎസ്ഐമാരായ വി.അഷ്റഫ്, ടി.സജീവ്, എസ്.ഡി.ശ്രീജിത്ത്, ഹരിദാസൻ, സീനിയർ സിപിഒമാരായ എൻ.എം.ജയരാജൻ, പി.പി.ജിനീഷ്, കെ.കെ.അജിത്ത്,കെ.സിൻജിത്്, ഷൈജു, ഷിനോജ്, പി.പി.രാകേഷ്, സൈബർ സെൽ അംഗങ്ങളായ എസ്ഐ സത്യൻ കാരയാട്, ശ്രീജിത്ത്, റിജേഷ്,ടി.നൗഷാദ്,ഷബിൻ,ജുറൈജ്, ലിനീഷ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മാസം 24 നാണ് ജ്വല്ലറിയുടെ ചുമര് തുരന്ന് മോഷണം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com