ADVERTISEMENT

തിരുവമ്പാടി ∙ പഞ്ചായത്തിലെ രണ്ടാമത്തെ വലിയ അങ്ങാടിയാണെങ്കിലും പുല്ലൂരാംപാറയിൽ എരിവെയിലത്തും പെരുമഴയത്തും റോഡിൽ ബസ് കാത്ത് നിൽക്കേണ്ട ദുരവസ്ഥ. ആരോഗ്യകേന്ദ്രം, ഒട്ടേറെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു പൊതുസ്ഥാപനങ്ങൾ എന്നിവയുള്ള അങ്ങാടിയിൽ 25 സ്വകാര്യ ബസുകളും 30 കെഎസ്ആർടിസി ബസുകളും വന്നുപോകുന്നുണ്ടെങ്കിലും കാത്തിരിപ്പുകേന്ദ്രമില്ല. കെഎസ്ആർടിസി ദീർഘദൂര ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്ന കേന്ദ്രമാണിത്. ആനക്കാംപൊയിൽ, തിരുവമ്പാടി, കോടഞ്ചേരി, തോട്ടുംമൂഴി, മുറമ്പാത്തി, നെല്ലിപ്പൊയിൽ, കൊടക്കാട്ടുപാറ, പുന്നയ്ക്കൽ റോഡുകൾ ചേരുന്ന പ്രദേശം കൂടിയാണു പുല്ലൂരാംപാറ.

മലയോര ഹൈവേ പുല്ലൂരാംപാറ അങ്ങാടിയിലൂടെയാണ് പോകുന്നത്.പലപ്പോഴും പീടികവരാന്തകളിലാണു ജനങ്ങൾ ബസിനു കാത്ത് നിൽക്കുന്നത്. കോഴിക്കോട്ടേക്കുള്ള ബസ് കാത്ത് ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടുന്ന വൻനിര രാവിലെ ഇവിടെ ബസ് കാത്തു നിൽക്കുന്നു. ഓരോ ബസിനും ഇടവേള ഉള്ളതിനാൽ പലപ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവുമില്ല. പുല്ലൂരാംപാറയിൽ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും രാഷ്ട്രീയകക്ഷികൾ പ്രധാന വാഗ്ദാനം ആയി പുല്ലൂരാംപാറ ബസ് സ്റ്റാൻഡ് പറയും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മറക്കും.ബസ് സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം ലഭിക്കാത്തതാണു പ്രശ്നമെന്ന് അധികൃതർ പറയുന്നു.

എന്നാൽ, അങ്ങാടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ സൗകര്യം ഉണ്ടായിട്ടും അത് ഉപയോഗിക്കാത്തത് അനാസ്ഥയാണ്. അങ്ങാടി പൂർണമായി വികസിക്കുന്നതിനു മുൻപ് അങ്ങാടിക്കടുത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുള്ള സൗകര്യം ഒരുക്കാൻ കൂട്ടായ ശ്രമം ഉണ്ടായില്ല. തൽക്കാലം ബസ് കാത്തിരിപ്പുകേന്ദ്രവും ശുചിമുറികളും നിർമിക്കുകയും പിന്നീട് വിശാലമായ ആസൂത്രണത്തിലൂടെ ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമിക്കുകയും വേണമെന്നാണ് ആവശ്യം. ഇതിന് രാഷ്ട്രീയ പാർട്ടികളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com