ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ പെർമിറ്റ് കാലാവധി കഴിഞ്ഞു സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയിൽ 9 ബസുകൾ കണ്ടെത്തി. പെർമിറ്റ് പുതുക്കാൻ എത്തിയ ഒരു ബസിന്റെ ഫിറ്റ്നസ് ഒഴിവാക്കി. 3 ബസുകളുടെ സർവീസ് തടഞ്ഞു. 15 വർഷം പിന്നിട്ട സ്വകാര്യ ബസുകൾക്കു പെർമിറ്റ് പുതുക്കാൻ 5 വർഷം കൂടി സർക്കാർ അനുവദിച്ച ഇളവു കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ ബസുകൾ പെർമിറ്റില്ലാതെ സർവീസ് നടത്തുന്നതായി ഇന്നലെ ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് കാലാവധി കഴിഞ്ഞ 9 ബസുകൾ കണ്ടെത്തിയത്.

ജില്ലാ ആർടിഒയുടെ കീഴിലുള്ള എംവിഐ, എഎംവിഐ എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തരമായി പരിശോധന നടന്നത്. ഇതിൽ 5 ബസുകൾ സർവീസ് നടത്താതെ നിർത്തിയിട്ട നിലയിലാണ്. സർവീസ് നടത്തിയ 3 ബസുകൾ കണ്ടെത്തി. തുടർന്നു സിറ്റിയിൽ സർവീസ് നടത്തുന്നതു ആർടിഒ തടഞ്ഞു. ഇന്നലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനെത്തിയ ഒരു ബസിന്റെ പെർമിറ്റ് പുതുക്കാതെ ആർടിഒ തിരിച്ചയച്ചു. 15 വർഷം പിന്നിട്ട ബസുകൾക്ക് ഇനി സർക്കാർ ഉത്തരവില്ലാതെ നഗര പരിധിയിൽ സർവീസ് നടത്താൻ അനുമതി ഉണ്ടാവില്ല. ഇത്തരം ബസുകൾക്കു റൂറൽ മേഖലയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനു ഹാജരായി ആർടിഒ അനുമതിയോടെ സർവീസ് നടത്താം. തുടർ ദിവസങ്ങളിലും കാലാവധി കഴിഞ്ഞ ബസുകൾ കണ്ടെത്താൻ പരിശോധന നടക്കും.

2019ൽ കേന്ദ്ര ഹരിത ട്രൈബ്യൂണൽ നിർദേശത്തെ തുടർന്നാണ് 15 വർഷം കാലാവധി പൂർത്തിയാക്കിയ ബസുകൾ പ്രധാന നഗരങ്ങളിൽ സർവീസ് നടത്തുന്നതു തടഞ്ഞത്. ഇക്കാലയളവിൽ 15 വർഷം പൂർത്തിയായ ബസുകൾക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ 5 വർഷം കൂടി സർവീസിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 29ന് കാലാവധി അവസാനിച്ചു. തുടർന്നു സർവീസ് നടത്തുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി. പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതെ സർവീസ് നടത്തി അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യാത്രക്കാർക്കും ബസ് ഉടമകൾക്കും ലഭിക്കില്ലെന്ന ഗുരുതര സാഹചര്യവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com