കഞ്ചാവ് കേസ് അന്വേഷിച്ചത് യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥൻ: പ്രതിയെ കോടതി വിട്ടയച്ചു
Mail This Article
വടകര∙ സിവിൽ പൊലീസ് ഓഫിസറുടെ റാങ്കുള്ള ഗ്രേഡ് എസ്ഐ കേസ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കഞ്ചാവ് കേസിൽ യോഗ്യത ഇല്ലാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി എന്ന് കണ്ട് പ്രതിയെ വിട്ടയച്ച് കോടതി. കോഴിക്കോട് കല്ലായി സ്വദേശി നജീബി ( 32 ) നെ ആണ് എൻഡിപിഎസ് ജഡ്ജി വി.പി.എം.സുരേഷ് ബാബു വിട്ടയച്ചത്. 2018 മാർച്ച് 12 ന് ഒന്നര കിലോഗ്രാം കഞ്ചാവുമായി മാറാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രതിയെ പിടികൂടി എന്നാണ് കേസ്. തുടർന്ന് അന്വേഷണം നടത്തിയതും കുറ്റപത്രം നൽകിയതും ഗ്രേഡ് എസ്ഐ ആയിരുന്നു.
കേസ് വിസ്താര വേളയിൽ തന്റെ റാങ്ക് സീനിയർ സിവിൽ പൊലീസ് ഓഫിസർ ആണെന്ന് ഗ്രേഡ് എസ്ഐ വെളിപ്പെടുത്തിയതോടെ യോഗ്യത ഇല്ലാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയ കേസ് നിലനിൽക്കില്ലെന്ന് ജഡ്ജി വിധി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി വെറുതേ വിടുകയായിരുന്നു. കേസിൽ 6 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രതിക്കു വേണ്ടി അഡ്വ.പി.പി.സുനിൽകുമാർ ഹാജരായി.