ADVERTISEMENT

താമരശ്ശേരി∙ ടൗണിൽ പൊലീസ് സ്റ്റേഷനു സമീപത്തെ റന ജ്വല്ലറി കുത്തിത്തുറന്ന് 50 പവന്റെ ആഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ 2 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യ പ്രതി നവാഫിന്റെ സഹോദരൻ പൂനൂർ എസ്റ്റേറ്റ് മുക്ക് പാലം തലക്കൽ കെ.പി.നിസാർ (25), കോഴിക്കോട് നല്ലളം ഒളവണ്ണ കൂത്താട്ട് പാറ നസീറ മൻസിൽ മുഹമ്മദ് നിഹാൽ (21) എന്നിവരാണ് എറണാകുളം ചിറ്റൂരിൽനിന്ന് അറസ്റ്റിലായത്.

ഇതോടെ കേസിലെ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. ഇവർ താമസിച്ച വാടക ഫ്ലാറ്റിൽ നിന്ന് 53 ഗ്രാം സ്വർണവും കണ്ടെടുത്തു. ജ്വല്ലറിയിൽ നിന്ന് കവർന്ന 50 പവനിൽ പകുതിയോളം പ്രതികളിൽ നിന്ന് ക ണ്ടെടുത്തെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദ് എന്നിവർ പറഞ്ഞു. ഇവരോടൊപ്പമുണ്ടായിരുന്ന 2 സ്ത്രീകളെ കവർച്ചയുമായി ബന്ധമില്ലെന്നു കണ്ടതിനെ തുടർന്ന്‌ വിട്ടയച്ചു.  

സഹോദരൻ പിടിയിലായതറിഞ്ഞ് നിസാർ കൊടുവള്ളിയിലുള്ള ഭർതൃമതിയായ യുവതിയെ കൂട്ടി നിഹാലിന്റെ അടുത്തേക്ക് പോകുകയായിരുന്നു. ഗൾഫിൽ നിന്ന് കട ബാധ്യതയുമായി തിരിച്ച് വന്ന നിഹാൽ ഭാര്യയുമായി വാടക ഫ്ലാറ്റിൽ താമസിച്ച് എറണാകുളം ചിറ്റൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്നു. 

നിഹാലിനെ പമ്പിൽ നിന്നും നിസാറിനെ നിഹാലിന്റെ വാടക ഫ്ലാറ്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി പള്ളിപ്പുറത്ത് വാടകവീട്ടിൽനിന്ന് ബുധനാഴ്ച പുലർച്ചെയാണ് കവർച്ചക്കേസിലെ മുഖ്യ പ്രതി പൂനൂർ പാലംതലക്കൽ നവാഫിനെ(27) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ തെളിവെടുപ്പിനായി പൊലീസ് ഇന്നലെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.

നവാഫിന്റെ  മൊഴി പ്രകാരം ബുധനാഴ്ച നടത്തിയ പരിശോധനയിൽ 157 ഗ്രാം സ്വർണം കേസിലെ കൂട്ടു പ്രതിയായ സഹോദരൻ നിസാർ താമസിച്ച വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം 24 നാണ് ജ്വല്ലറിയുടെ ചുമർ കുത്തി തുരന്ന് പ്രതികൾ കവർച്ച നടത്തിയത്.

ജ്വല്ലറി കവർച്ച: പൊലീസ് പരിശോധിച്ചത്  അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങൾ 
താമരശ്ശേരി∙ റന ജ്വല്ലറി കുത്തിത്തുറന്ന് 50 പവന്റെ ആഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ തുമ്പു തേടി പൊലീസ് പരിശോധന നടത്തിയത് അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങൾ. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ അഞ്ഞൂറോളം സിസി ടിവികളാണ് പരിശോധിച്ചത്. ഇതിൽ പ്രതികൾ ഈങ്ങാപ്പുഴയിൽ നടത്തിയ ജ്വല്ലറി മോഷണത്തിന്റെ സിസിടിവി ദൃശ്യമാണ് വഴിത്തിരിവായത്. 

സിസിടിവി സൗണ്ടിൽ നിന്ന് പ്രതികൾ മലയാളികൾ  ആണെന്നു വ്യക്തമായതും  പ്രതി നവാഫിന്റെ  കാലിന്റെ വിരലുകൾക്കിടയിലുള്ള അമിത അകലവും വിരലിന്റെ പ്രത്യേകതയും അന്വേഷണം ഇവരിലേക്ക് എത്തിച്ചു. ഈങ്ങാപ്പുഴയിലെ മോഷണത്തിലും 3 പേരാണ് ഉണ്ടായിരുന്നതെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com