കനാൽ ഭിത്തിയിൽ ചോർച്ച; നാട്ടുകാർ ഭീതിയിൽ
Mail This Article
കുറ്റ്യാടി∙ ജലസേചന വകുപ്പിന്റെ വലത് കര കനാലിന്റെ ഭാഗമായ മരുതോങ്കര പൈക്കാട്ടുമ്മൽ ഭാഗത്തെ കനാൽ ഭിത്തിയിൽ ഉണ്ടായ ചോർച്ച കാരണം നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കനാലിൽ നിന്നും 10 മീറ്റർ അകലെയുള്ള ഗ്രൗണ്ടിലേക്ക് വെള്ളം ഒഴുകി എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് കുറച്ചു.
ഇന്നലെ ഇറിഗേഷൻ വകുപ്പ് എൻജിനീയറുടെ നേതൃത്വത്തിൽ എത്തിയ സംഘം താൽക്കാലികമായി ചോർച്ച അടച്ചു. 2 വർഷം മുൻപ് മുണ്ടക്കുറ്റി ഭാഗത്ത് കനാൽ തകർന്നതിനെ തുടർന്ന് 4 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഏക്കർ കണക്കിന് കൃഷി സ്ഥലം നശിക്കുകയും ചെയ്തിരുന്നു.
വർഷങ്ങൾ പഴക്കമുള്ള കനാലിന്റെ ഇരുവശങ്ങളിലും മുള്ളൻപന്നി, കാട്ടുപന്നി, ഉടുമ്പ് ഉൾപ്പെടെയുള്ള വന്യജീവികൾ മണ്ണ് തുരക്കുന്നതിനാൽ കനാൽ തകരാനും ഇടയാകുന്നുണ്ട്. കനാൽ തുറക്കുന്നതിന് മുൻപ് അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് കനാൽ ചോർച്ചയുണ്ടാവാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.