ADVERTISEMENT

കോഴിക്കോട് ∙ കോന്നാട് ബീച്ചിൽ ലഹരി മാഫിയക്കെതിരായ വീട്ടമ്മമാരുടെ പ്രതിഷേധത്തിനു പൂർണ പിന്തുണ നൽകുമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ചൂലുമായി മഹിളാമോർച്ച പ്രവർത്തകർ നടത്തിയത് സദാചാര ഗുണ്ടായിസമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധ സായാഹ്നവും കടപ്പുറത്ത് നടത്തി.

സൗഹൃദം പുതുക്കാനും കാറ്റുകൊള്ളാനും ആളുകൾ വന്നിരിക്കുന്ന കടപ്പുറത്തുനിന്ന് അവരെ ചൂലെടുത്ത് ആട്ടിയോടിച്ചതു സദാചാര ഗുണ്ടായിസമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു പറഞ്ഞു. മഹിളാ മോർച്ചയുടെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി കോന്നാട് കടപ്പുറത്തു നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷൈജു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എം.നീനു അധ്യക്ഷയായിരുന്നു. സംസ്ഥാന പ്രസിഡന്റ് വി,വസീഫ്, ജില്ലാപ്രസിഡന്റ് എൽ.ജി. ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അരുൺ, കെ.ഷെഫീഖ്, ദീപു പ്രേംനാഥ്, ജില്ലാ ട്രഷറർ ടി. കെ.സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു പാട്ടുകൾ പാടി കടപ്പുറത്തുകൂടി പ്രതിഷേധ യാത്രയും നടത്തി.

കോന്നാട് ബീച്ചിൽ ലഹരി മാഫിയയുടെ ശല്യമില്ലാതെ സൈര്യമായി ജീവിക്കുന്നതിന് മഹിളകൾ നടത്തിയതു പ്രതീകാത്മക സമരമാണെന്നും വീട്ടമ്മമാർക്ക് പൂർണപിന്തുണ കൊടുക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു.

കോന്നാട് കടപ്പുറത്തെ വീട്ടുമുറ്റത്ത് ബിജെപി നടക്കാവ് മണ്ഡലം സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.പി.സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, വൈസ് പ്രസിഡന്റ് എം. ജഗനാഥൻ, സെക്രട്ടറിമാരായ മധു കാട്ടുവയൽ, പി.കെ.മാലിനി, ഏരിയ പ്രസിഡന്റ് മധു കാമ്പുറം, ജനറൽ സെക്രട്ടറി മാലിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

14നു വൈകിട്ട് 5ന് ‘പ്രണയമാണ് ലഹരി’ എന്ന പേരിൽ ലഹരി മാഫിയയ്ക്കെതിരെ ബിജെപി ജനകീയ കൂട്ടായ്മ നടത്തും. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും.

സദാചാര ഗുണ്ടായിസം തടയണം: യൂത്ത് കോൺഗ്രസ്
കോഴിക്കോട് ∙ കോന്നാട് ബീച്ചിൽ സംഘപരിവാറിന്റെ സദാചാര ഗുണ്ടായിസം ആവർത്തിക്കാതിരിക്കാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനു പൊലീസ് പിന്തുണ നൽകുന്ന സ്ഥിതിയാണ് കോന്നാട് ബീച്ചിൽ ഇന്നലെ ഉണ്ടായതെന്ന് ജില്ലാ പ്രസിഡന്റ് ആർ.ഷഹീൻ പറഞ്ഞു.

സമരത്തെ അവഹേളിക്കാൻ സമ്മതിക്കില്ല: ബിജെപി
കോഴിക്കോട് ∙ കോന്നാട് ബീച്ചിൽ ലഹരിമരുന്ന് മാഫിയകൾക്കെതിരെ പ്രദേശവാസികളായ അമ്മമാർ നടത്തിയ സമരത്തെ സദാചാര ഗുണ്ടാ ആക്രമണം എന്ന ആരോപണമുന്നയിച്ച് അവഹേളിക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു.

പ്രദേശത്ത് കുട്ടികളുടെ രക്ഷിതാക്കളും അമ്മമാരും പ്രതിഷേധ സൂചനയായാണ് ചൂലുമായി സമരം നടത്തിയത്. ഒരാളുടെ ദേഹത്തുപോലും തൊടുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല.

പ്രദേശവാസികളുടെ സമരത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം ലഹരി മാഫിയകളെ സഹായിക്കാനാണെന്നും വി കെ.സജീവൻ പറഞ്ഞു. കോന്നാട് പ്രദേശത്തെ ജനങ്ങൾ ലഹരിക്കെതിരെ ഒറ്റക്കെട്ടാണെന്നും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയിൽ നാട്ടുകാർ പങ്കെടുത്തിട്ടില്ലെന്നും വീട്ടമ്മമാരുടെ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്നും സജീവൻ പറഞ്ഞു.

പൊലീസ് ഇടപെടൽ പരിശോധിക്കണം
കോഴിക്കോട് ∙ ഉത്തരേന്ത്യയിലേതിനു സമാനമായ നീക്കമാണ് കോന്നാട് കടപ്പുറത്തു ബിജെപി നടത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു പറഞ്ഞു. ലഹരി മാഫിയയ്ക്കെതിരെയാണ് നീക്കമെങ്കിൽ അതിന് പൊലീസ് സംവിധാനത്തെയാണ് സമീപിക്കേണ്ടത്. സ്ഥലത്തുണ്ടായിട്ടും പൊലീസ് ഇടപെട്ടിട്ടില്ലെങ്കിൽ അക്കാര്യം പരിശോധിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com