ADVERTISEMENT

കോഴിക്കോട് ∙ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ എൻഐടി അധ്യാപിക ഡോ. എ.ഷൈജ കമന്റിട്ട സംഭവവും വിവാദവും അന്വേഷിക്കാൻ എൻഐടി ഇന്റേണൽ അന്വേഷണ സമിതിയെ നിയോഗിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ക്യാംപസിനകത്തും പുറത്തും വിവിധ സംഘടനകളുടെയും വിദ്യാർഥികളുടെയും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അധ്യാപകർ അടക്കമുള്ളവർ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ഭാഗത്തു നിന്ന് ഇടപെടൽ വേണമെന്ന് ആവശ്യപ്പെടുകയും ആശങ്ക അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് ഡയറക്ടർ അന്വേഷണ സമിതിയെ നിയോഗിച്ചതായി അറിയിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസവും ഉത്തരവ് ഇറങ്ങിയിട്ടില്ല. സീനിയർ ഫാക്കൽറ്റി നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ച് നിർദേശങ്ങൾ സമർപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഡയറക്ടർ വിളിച്ചു ചേർത്ത  ഡീൻമാരുടെയും വിവിധ വകുപ്പു മേധാവികളുടെയും യോഗത്തിൽ അറിയിച്ചിരുന്നു. അധ്യാപികയുടെ കമന്റിനെ തള്ളിപ്പറഞ്ഞ് എൻഐടി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിക്ക് ശുപാർശ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായ സംഭവങ്ങളിൽ  പ്രശ്നപരിഹാരത്തിന് വെള്ളിയാഴ്ച രാത്രി വിദ്യാർഥികളും അധികൃതരും തമ്മിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല.

പ്രതിഷേധിച്ച 100 പേർക്കെതിരെ കേസ്
ചാത്തമംഗലം∙ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ എൻഐടി അധ്യാപിക  ഡോ. എ.ഷൈജ കമന്റിട്ട സംഭവത്തിൽ പ്രതിഷേധിച്ച്  എൻഐടിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കുന്നമംഗലം പൊലീസ് 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു.

ബുധനാഴ്ച നടന്ന ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് മാർച്ചിന് എതിരെ കണ്ടാലറിയാവുന്ന 100 പേർക്ക് എതിരെ ആണ് കേസ്. നേരത്തേ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിന് എതിരെ കണ്ടാലറിയാവുന്ന നൂറോളം പേർക്ക് എതിരെ പൊലീസ് കേസെടുത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com