സ്കൂളിലേക്കുള്ള വഴി റെയിൽവേ അടയ്ക്കുന്നു; പ്രതിഷേധം
Mail This Article
കോഴിക്കോട്∙ സ്കൂളിലേക്കുള്ള വഴിയടയ്ക്കാൻ റെയിൽവേയുടെ നീക്കം. വഴിമുട്ടി നൂറോളം വിദ്യാർഥികൾ. ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ പ്രവൃത്തി താൽക്കാലികമായി നിർത്തിവച്ചു. രാവിലെയാണ് കോരപ്പുഴ ഗവ. ഫിഷറീസ് യുപി സ്കൂളിലേക്കുള്ള വഴി അടയ്ക്കാൻ റെയിൽവേ അധികൃതർ എത്തിയത്.
105 വർഷമായി സ്കൂളിലേക്ക് വരാൻ വിദ്യാർഥികളും നാട്ടുകാരും ഉപയോഗിക്കുന്ന വഴിയാണ് റെയിൽവേ അടയ്ക്കുന്നത്. നൂറിലധികം കുട്ടികളാണ് സ്കൂളിലുള്ളത്. ഒട്ടുമിക്ക വിദ്യാർഥികളും റെയിൽ പാളം കടന്നാണ് എത്തുന്നത്. വഴി അടച്ചാൽ കുട്ടികൾക്ക് ഏറെ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും.
ബദൽ സംവിധാനം ഒരുക്കാതെ നിലവിലുള്ള വഴി അടയ്ക്കാനുള്ള റെയിൽവേ നീക്കത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്കൂളിലേക്കുള്ള വഴിയിൽ അടിപ്പാത നിർമിച്ച ശേഷമേ വഴിയടയ്ക്കാവൂ എന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സ്കൂൾ പ്രധാനാധ്യാപിക മിനി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ഷിബു, കെ. രാജലക്ഷ്മി തുടങ്ങിയവർ റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
തുടർന്ന് വഴി അടയ്ക്കാനുള്ള പ്രവർത്തനങ്ങൾ റെയിൽവേ അധികൃതർ താൽക്കാലികമായി നിർത്തിവച്ചു. വഴി ഉടൻതന്നെ അടയ്ക്കുമെന്ന് റെയിൽവേ ജീവനക്കാർ സൂചന നൽകുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി ജനകീയ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.