ADVERTISEMENT

കോഴിക്കോട്∙ വയനാട്ടിലെ വനം വകുപ്പ് തലപ്പത്ത് അടിമുടി അഴിച്ചുപണിയും ഉദ്യോഗസ്ഥ വീഴ്ചകളിൽ ഗൗരവമായ അന്വേഷണവും വരുന്നു. തണ്ണീർക്കൊമ്പന്റെയുൾപ്പെടെ മരണത്തിലേക്കു നയിച്ച പ്രശ്നങ്ങളും തുടർച്ചയായുള്ള മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കാൻ സാധിക്കാത്തതും ഉദ്യോഗസ്ഥ തലത്തിലെ ഏകോപനക്കുറവു മൂലമാണെന്ന നിരീക്ഷണത്തോടെയാണ് സർക്കാർ നടപടികളിലേക്കു കടക്കുന്നത്.

വയനാട്, കോഴിക്കോട് ജില്ലകളിലായി 4 റാപിഡ് റെസ്പോൺസ് സംഘങ്ങളെ‍ക്കൂടി(ആർആർടി) നിയോഗിക്കാനും ധാരണയായിട്ടുണ്ട്. വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് പ്രതിരോധിക്കുന്നതിലും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് കടുത്ത വീഴ്ചയുണ്ടായിട്ടുണ്ടെന്ന നിഗമനമാണ് ഉള്ളത്.

തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടിയും വയനാട്ടിൽ തണ്ണീർക്കൊമ്പനും മയക്കുവെടിയേറ്റതിനു പിന്നാലെ ചത്തത് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താത്തതുകൊണ്ടാണെന്ന വിലയിരുത്തലുണ്ട്. ഇതിനു പുറമേ, തണ്ണീർക്കൊമ്പന്റെ ജഡത്തിനു മുന്നിൽ നിരന്നു നിന്ന് 16 വനം ഉദ്യോഗസ്ഥർ ഫോട്ടോ എടുത്തത് കടുത്ത വിമർശനത്തിനു വഴിവച്ചു.

വന്യമൃഗ പ്രശ്നം പരിഹരിക്കുന്നതിൽ പരിശീലനം ലഭിച്ച, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവം വയനാട്ടിൽ പ്രകടമാണെന്ന വിലയിരുത്തലാണ് വനം വകുപ്പ് ഉന്നതർക്ക്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച ആനകൾ തുടരെ കേരളത്തിലിറങ്ങിയിട്ടും അവയുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്കു സാധിച്ചിട്ടില്ല. കർണാടകയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം ഇതിനായി തേടേണ്ടിയിരുന്നെങ്കിലും അതിനുള്ള നടപടിയും ഉണ്ടായില്ല. 

വനം വകുപ്പിന്റെ കേരളത്തിലെ കൺട്രോൾ റൂമിൽ 24 മണിക്കൂറും ആനയെ നിരീക്ഷിക്കുന്നുണ്ട് എന്നു പറഞ്ഞെങ്കിലും തണ്ണീർക്കൊമ്പൻ നാട്ടിലിറങ്ങി, ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ പ്രശ്നം വീണ്ടും ഉണ്ടായത് കനത്ത വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

വയനാട്ടിലും കോഴിക്കോടുമായി 4 ആർആർടികൾക്കു കൂടി രൂപം നൽകാൻ നവകേരള സദസ്സിനു പിന്നാലെ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 21 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. സാമൂഹിക വനവൽക്കരണ വിഭാഗത്തിലെ തസ്തികകൾ ആർആർടികളിലേക്ക് പുനഃക്രമീകരിക്കും. 

നഷ്ടപരിഹാരം 20 ലക്ഷമാക്കി ഉയർത്തുക, ജീവൻ നഷ്ടപ്പെട്ടാൽ കുടുംബത്തിലൊരാൾക്ക് ജോലി നൽകുക, കർഷകന്റെ ബാധ്യതകൾ ഉണ്ടെങ്കിൽ അത് ഏറ്റെടുക്കുക തുടങ്ങി ശുപാർശകളും വനം വകുപ്പ് ധനവകുപ്പിനു സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ഇതിന് അംഗീകാരം നൽകുമോ എന്നതാണ് ഇനി ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com