ADVERTISEMENT

കോഴിക്കോട്∙ ആളുകൾ കാട്ടാനകളുടെ ആക്രമണത്തിൽ മരിക്കുമ്പോൾ ആ വഴിക്കു പോകുക പോലും ചെയ്യാത്ത മന്ത്രിമാർ ജനങ്ങൾക്കു സമാധാനം നൽകുന്നൊരു വർത്തമാനമെങ്കിലും പറയുന്നില്ലെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി പ്രതിഷേധജാഥയുടെ കോഴിക്കോട്ടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില മന്ത്രിമാരുടെ വാക്കുകൾ കേട്ടാൽ ആന ചവിട്ടിയതിനെക്കാൾ വേദനയാണ് തോന്നുക.

കാട് എല്ലാക്കാലത്തും ഉള്ളതാണ്. എന്നാൽ സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധി. ശാസ്ത്രീയമായ രീതികൾ അവലംബിക്കാത്തതു കൊണ്ടാണ് കാട്ടാന ആക്രമണങ്ങൾ ഉണ്ടാവുന്നത്. ‍സിപിഎം നേതാക്കളുടെ സംസാരം പോലെ ശുഷ്കാന്തിയില്ലാത്ത സർക്കാർ ഒച്ചിന്റെ വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുൻപ് യുഡിഎഫ് സർക്കാർ സ്വകാര്യ സർവകലാലാശാല കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ എതിർത്ത സിപിഎമ്മാണ് ഇപ്പോൾ അതു കൊണ്ടുവരാൻ ശ്രമിക്കുന്നത്. ആ ബസ് പോയി. ബസ് പോയ ശേഷം കൈകാണിച്ചിട്ടു കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എം.കെ.രാഘവൻ എംപി അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ,  സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ, വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ,  കെ.ജയന്ത്, കെ.സി.അബു, ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ, കെപിസിസി ഭാരവാഹികളായ വി.പി.സജീന്ദ്രൻ, സോണി സെബാസ്റ്റ്യൻ, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, എ.എ.ഷുക്കൂർ, പുനലൂർ മധു, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, നെയ്യാറ്റൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു.

എം.കെ.രാഘവന്റെ ആദ്യ പ്രചാരണ പരിപാടിയെന്ന് സുധാകരൻ
കോഴിക്കോട്∙ കോഴിക്കോട്ടുകാർ എം.കെ.രാഘവന്റെ വിജയം ആഗ്രഹിക്കുന്നതു പോലെയാണ് താനും ആഗ്രഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. 

ബിജെപിയുടെ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽപോലും റെയിൽവേ വികസനവും മെഡിക്കൽ കോളജ് വികസനവും അടക്കം കേന്ദ്ര പദ്ധതികളിലൂടെ ഫണ്ട് എത്തിക്കാൻ രാഘവനു കഴിഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. 

അതിന് എം.കെ.രാഘവൻ വീണ്ടും തിരഞ്ഞെടുക്കപ്പെടണമെന്നാണ് തന്റെയും പാർട്ടിയുടെയും ആഗ്രഹം. സമരാഗ്നിയുടെ വേദി രാഘവന്റെ ആദ്യ പ്രചാരണ വേദിയാണെന്നും കെ.സുധാകരൻ പറഞ്ഞു.

ഓരോ തവണയും ഭൂരിപക്ഷം കൂട്ടി തന്റെ കൂടെ നിന്ന കോഴിക്കോട്ടുകാരുടെ സ്നേഹമാണ് ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നതെന്ന് എം.കെ.രാഘവൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു തന്നെ വ്യക്തിഹത്യ നടത്തിയവരോട് സഹതാപം മാത്രമേയുള്ളൂ. ഒരു വിരോധവുമില്ല. കോഴിക്കോട്ടെ ജനങ്ങൾ അതിനെല്ലാം മറുപടി നൽകിയിട്ടുണ്ട്. അടുത്ത സ്ഥാനാർഥി ആരായാലും സീറ്റ് യുഡിഎഫിന്റേത് ആയിരിക്കും–രാഘവൻ പറഞ്ഞു.

സ്വീകരണത്തിന്റെ ആവേശക്കാറ്റേറ്റ് സമരാഗ്നി
കോഴിക്കോട്∙ ജനമനസ്സുകളിൽ പ്രതിഷേധാഗ്നി പടർത്തി ‘സമരാഗ്നി’; കടപ്പുറത്ത് ത്രിവർണസാഗരം അലയടിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി പ്രതിഷേധയാത്രയ്ക്ക് കോഴിക്കോട്ടെ ജനങ്ങൾ ആവേശോജ്വല സ്വീകരണമാണ് ഒരുക്കിയത്.

വൈകിട്ട് നാലര മുതൽ കടപ്പുറത്തെ വേദിയിലേക്ക് ആളുകൾ ഒഴുകിയെത്തി. കാര്യകാരണങ്ങൾ നിരത്തിയുള്ള തനതു പ്രസംഗശൈലിയുമായി സി.പി.ജോണും ആവേശോജ്വല പ്രസംഗവുമായി ടി.സിദ്ദിഖും കത്തിക്കയറി. തമിഴും മലയാളവും ഇംഗ്ലിഷും കലർന്ന പ്രസംഗവുമായി വേദിയിലെത്തിയ എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ കയ്യടി ഏറ്റുവാങ്ങി.

താൻ കേരളത്തിന്റെ ചുമതലയുമായി എത്തി മാസങ്ങൾ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നു ചിരിച്ചു കണ്ടിട്ടില്ലെന്ന് വിശ്വനാഥ പെരുമാൾ പറഞ്ഞു. 

കണ്ണൂരിലെ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ കേസെടുത്തു. കേരളത്തിൽ തന്നെ ജയിലിൽ അടച്ചാലും സഹോദരങ്ങളായ മലയാളികൾക്കു വേണ്ടി സത്യം തുറന്നു പറയും.  സ്വർണക്കടത്ത് കേസിൽ സഹായിച്ച കേന്ദ്രം ‘സ്വപ്നക്കടത്തു’ കേസിൽ സഹായിച്ചോ എന്നു വ്യക്തമാക്കണം. ‘ഇലക്‌ഷ’നെ ‘കലക്‌ഷ’നായാണ് ബിജെപി കാണുന്നത്. 5000 കോടിയുടെ ആസ്തിയാണ് ബിജെപി ഉണ്ടാക്കിയതെന്നും വിശ്വനാഥ പെരുമാൾ പറഞ്ഞു.

നിശ്ചയിച്ചതിലും വൈകിയാണ് കോഴിക്കോട് നഗരത്തിലേക്ക് യാത്ര എത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്രയെ നഗരത്തിലേക്ക് സ്വീകരിച്ചു. 

ജില്ലയിലെ രണ്ട് സ്വീകരണ കേന്ദ്രങ്ങളിലുമായി അരലക്ഷം കോൺഗ്രസ് പ്രവർത്തകർ പരിപാടികളുടെ ഭാഗമായെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com