ADVERTISEMENT

താമരശ്ശേരി∙ കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി കാർ‍ഷിക വിളകൾ നശിപ്പിച്ചിട്ടും തുരത്താൻ നടപടിയില്ല. കാട്ടുപന്നികൾ കാൽനട യാത്രക്കാർക്കും ഇരു ചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാണ്. താമരശ്ശേരി, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം മൂലം കൃഷി അന്യം നിന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ്.

കപ്പ, ചേന, ചേമ്പ്, കാച്ചിൽ, വാഴ, നെല്ല് എന്നിവയെല്ലാം കാട്ടുപന്നികൾ വേരോടെ നശിപ്പിക്കും. നാട്ടിൻ പുറങ്ങളിൽ നിന്ന് പട്ടണ പ്രദേശങ്ങളിലേക്കും കാട്ടുപന്നികൾ ഇറങ്ങി തുടങ്ങി. താമരശ്ശേരി ചുങ്കത്ത് ഹാർഡ് വെയർ ഷോപ്പിനുള്ളിൽ കാട്ടുപന്നി കയറിയത് അടുത്ത കാലത്താണ്. കട്ടിപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞ് പരുക്കേറ്റ് കൂരാച്ചുണ്ട് സ്വദേശി മരിച്ചത് മാസങ്ങൾ മുൻപാണ്. 

കഴിഞ്ഞ ദിവസം താമരശ്ശേരി മൂന്നാംതോട് മുട്ടുകടവിൽ പുതുപള്ളിൽ ബേബി തോമസിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നികൾ വാഴ, കപ്പ, ചേമ്പ് തുടങ്ങിയ നടീൽ വസ്തുക്കൾ കൂട്ടത്തോടെ നശിപ്പിച്ചു. മൂന്നര ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഇരുമ്പ് വേലിയുടെ അടിഭാഗം പൊളിച്ചാണ് കൃഷിയിടത്തിൽ പ്രവേശിച്ചത്. 

കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിയൊഴിഞ്ഞ തോട്ടത്തിൽ കാട്ടുപന്നികൾ റോഡ് മുറിച്ച് കടക്കുന്നതു കൊണ്ട് വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്ന മുന്നറിയിപ്പ് ബോർഡ് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ സ്ഥാപിച്ചിട്ടുണ്ട്.

കാട്ടുപന്നികളെ വെടി വയ്ക്കാൻ നിയോഗിക്കപ്പെട്ട  പാനൽ ഷൂട്ടർമാരും ഇപ്പോൾ സജീവമല്ല. ഒരു പന്നിയെ വെടിവച്ച് കൊല്ലുന്നതിന് 1000 രൂപയാണ് ത്രിതല പഞ്ചായത്തുകൾ നൽകുന്നത്. പുതുപ്പാടി, താമരശ്ശേരി പഞ്ചായത്തുകളിൽ ഈ തുക കുടിശികയാണെന്ന് പാനൽ ഷൂട്ടറായ തങ്കച്ചൻ കുന്നുംപുറത്ത് പരാതിപ്പെട്ടു. 

പൊന്നാങ്കയത്ത് കാട്ടുപന്നി വാഴക്കൃഷി നശിപ്പിച്ചു
തിരുവമ്പാടി∙ മേലെ പൊന്നാങ്കയത്ത് മുഴയനാൽ മനോജിന്റെ അറുപതോളം കുലച്ച വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. കാട്ടാന ഭീഷണി രൂക്ഷമായ ഈ മേഖലയിൽ കാട്ടുപന്നി ശല്യവും പതിവായി. കൃഷിയിടത്തിലെ വാഴ കുത്തി മറിച്ച നിലയിലാണ്.

കാട്ടാനകളും കാട്ടുപന്നികളും കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ ദുരിതത്തിലാണ്. വനമേഖലയോടു ചേർന്നു സ്ഥാപിച്ചിരുന്ന സൗരോർജ വേലികൾ പലയിടത്തും കാട്ടാനകൾ നശിപ്പിച്ചു. തൊട്ടടുത്ത പ്രദേശമായ കരിയാത്തൻപാറയിൽ കഴിഞ്ഞമാസം അജ്ഞാത ജീവിയെ കണ്ടെത്തിയതിനെ തുടർന്നു വനം വകുപ്പ് 2 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

മേലെ പൊന്നാങ്കയത്ത് ഏതാനും മാസം മുൻപ് അജ്ഞാതജീവി നായയെ കടിച്ചു കൊന്നിരുന്നു. വനമേഖലയോടു ചേർന്നു സൗരോർജ വേലികൾ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

കൃഷി നശിപ്പിക്കുന്നതു കണ്ട് കർഷകർ വിളിക്കുമ്പോഴാണ് ഞങ്ങൾ രാത്രി തോക്കുമായി പോകുന്നത്. പലപ്പോഴും നേരം വെളുത്താണു വീട്ടിൽ തിരിച്ചെത്തുക. വാഹനത്തിന് ഇന്ധനം അടിക്കുന്ന ചെലവ്, കൊന്ന പന്നിയെ മറവു ചെയ്യാനുള്ള ബുദ്ധിമുട്ട് ഇതൊന്നും മിക്ക പഞ്ചായത്ത് അധികൃതരും മനസ്സിലാക്കുന്നില്ല.

തങ്കച്ചൻ കുന്നുംപുറത്ത്, പാനൽ ഷൂട്ടർ 
പുതുപ്പാടി പഞ്ചായത്തിൽ 17 പന്നിയെ വെടിവച്ചെങ്കിലും 5 എണ്ണത്തിനു മാത്രമേ രേഖയുള്ളൂ. 2022 മുതൽ വെടിവച്ച പന്നികളുടെ പ്രതിഫലം പുതുപ്പാടിയിൽ നിന്ന് കിട്ടാനുണ്ട്. താമരശ്ശേരി പഞ്ചായത്തിൽ നിന്നും പ്രതിഫലം ഇതുവരെയും കിട്ടിയിട്ടില്ല. 

ബാബു കുരിശിങ്കൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി 
വന്യമൃഗങ്ങളുടെ ശല്യം മൂലം മലയോര കുടിയേറ്റ ജനത കാർഷികവൃത്തിയിൽനിന്ന് ഒഴിവായി കൊണ്ടിരിക്കുകയാണ്. കർഷകർക്ക് ഏറ്റവും കൂടുതൽ ഭീഷണിയായ കാട്ടുപന്നിയെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കാടിറങ്ങി വന്നു നാട് നശിപ്പിക്കുന്ന മൃഗങ്ങളെ നേരിടാനുള്ള അവകാശം കർഷകർക്ക് നൽകണം. കൃഷി നാശം സംഭവിക്കുന്നവർക്ക് സർക്കാർ മതിയായ നഷ്ട പരിഹാരം സമയ ബന്ധിതമായി നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com