ADVERTISEMENT

വടകര∙ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് വടകരയിൽ ഉജ്വല സ്വീകരണം. അഞ്ചുവിളക്ക് ജംക്‌ഷനിൽ എത്തിയ ജാഥയെ നേതാക്കൾ സ്വീകരണ വേദിയായ കോട്ടപ്പറമ്പിലേക്ക് ആനയിച്ചു. തുടർന്നു പൊതുസമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.  ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. 

ജാഥാ ലീഡർമാരായ കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.കെ.രാഘവൻ എംപി, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, രാഷ്ട്രീയ കാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, പി.എം.നിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാല നാരായണൻ, പാറയ്ക്കൽ അബ്ദുല്ല, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നയ്ക്കൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം.ജോർജ്, ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി എന്നിവരും പ്രസംഗിച്ചു.

മോദി – പിണറായി കൂട്ടുകെട്ട് തകർക്കൽ ലക്ഷ്യം: കെ.മുരളീധരൻ എംപി
വടകര∙ മോദി – പിണറായി അവിശുദ്ധ കൂട്ടുകെട്ട് തകർക്കുകയാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രധാന മുദ്രാവാക്യമെന്ന് കെ.മുരളീധരൻ എംപി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭ യാത്രയ്ക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന അഴിമതിക്കേസുകളിൽ പിണറായിയെ വഴിവിട്ട് സഹായിക്കുകയാണ് മോദി. പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ളപ്പണക്കേസിൽ നിന്നു പിണറായി സംരക്ഷിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി പിണറായി ധാരണയുണ്ടാക്കിയിട്ടുണ്ട്.

തങ്ങളുടെ ഒരാളെ പാർലമെന്റിൽ എത്തിച്ചെങ്കിൽ അഴിമതിക്കേസിൽ പകരം വീട്ടുമെന്ന ഭീഷണിയിലാണ് പിണറായിയെയും സിപിഎമ്മിനെയും ബിജെപി തളച്ചിട്ടിരിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ബോധമുള്ളവർ ജാഗ്രത പാലിക്കണം. 

പാർലമെന്റിൽ യുഡിഎഫ് എംപിമാർ കേരളത്തിനായി വാദിക്കുന്നില്ലെന്നാണ് സിപിഎം ആരോപണം. എന്നാൽ കഴിഞ്ഞ ദിവസം കേരളത്തിന്റെ നിസംഗതയ്ക്കെതിരെ മന്ത്രി നിർമല സീതാരാമൻ തെളിവു സഹിതം ആഞ്ഞടിച്ചപ്പോൾ എളമരം കരീം ഉൾപ്പെടെ 7 ഇടത് എംപിമാർ രാജ്യസഭയിൽ ഒരക്ഷരം മറുപടി പറഞ്ഞില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിൽനിന്നു വല്ലതും കിട്ടിയാൽ അതു തങ്ങളുടെ കഴിവായി ഉയർത്തിക്കാട്ടുന്ന കേരളത്തിലെ ഇടതു സർക്കാർ അവിടെനിന്ന് ഒന്നും കിട്ടിയില്ലെങ്കിൽ അതു യുഡിഎഫ് എംപിമാരുടെ കുറ്റമായി ചിത്രീകരിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനുവേണ്ടി താൻ ഡൽഹിയിൽ ഇടപെട്ടപ്പോൾ അതിനു കേരളത്തിൽനിന്ന് ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്നും മുരളീധരൻ പറഞ്ഞു.

തടിച്ചു കൂടിയത് ആയിരങ്ങൾ
വടകര∙ കേന്ദ്ര, സംസ്ഥാന ഭരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്നു നടത്തുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയെ സ്വീകരിക്കാൻ കോട്ടപ്പറമ്പിൽ തടിച്ചു കൂടിയത് പതിനായിരങ്ങൾ. വൈകിട്ട് 3ന് എത്തുമെന്ന് അറിയിച്ച യാത്രയെ സ്വീകരിക്കാൻ ഉച്ചയ്ക്ക് ഒന്നോടെ തന്നെ പ്രവർത്തകർ സ്വീകരണ കേന്ദ്രത്തിൽ എത്തിയിരുന്നു. 

കേന്ദ്ര, സംസ്ഥാന ഭരണത്തിനെതിരെ മുദ്രാവാക്യം മുഴക്കി ചെറു പ്രകടനങ്ങളായാണ് പ്രവർത്തകർ എത്തിയത്. കോട്ടപ്പറമ്പിൽ തടിച്ചു കൂടിയ പ്രവർത്തകരുടെ ബാഹുല്യം അണികളിലും നേതാക്കളിലും വലിയ ആത്മവിശ്വാസം പകർന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര, കോഴിക്കോട്, വയനാട് എന്നീ 3 മണ്ഡലങ്ങൾ യു‍ഡിഎഫ് വൻ ഭൂരിപക്ഷത്തിൽ പിടിച്ചടക്കുമെന്നും കെ.മുരളീധരൻ എംപി വടകരയിൽ മത്സരിക്കുമെന്നതും പ്രവർത്തകർക്കിടയിൽ വൻ ഊർജമാണ് നൽകിയിരിക്കുന്നത് എന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞത് വൻ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ആർത്തിരമ്പുന്ന ജനത്തെ കാണുമ്പോൾ അടിച്ചു കസറാനാണ് തോന്നുന്നതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പറഞ്ഞു. കെ.മുരളീധരൻ എംപി ചെയർമാനും യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ കൺവീനറും ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി ട്രഷററുമായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണു സമരാഗ്നി യാത്രയ്ക്കു സ്വീകരണം ഒരുക്കിയത്.

സിപിഎം – ബിജെപി അന്തർധാരതകർക്കും: സുധാകരൻ
വടകര∙ ഈ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിലൊരു അന്തർധാരയുണ്ടെന്നും അവർ പരസ്പരം വോട്ടു കൈമാറി സഹായിക്കുമെന്നും കെ.സുധാകരൻ എംപി ആരോപിച്ചു. കോൺഗ്രസ് മുക്ത ഭാരതത്തിന് ബിജെപി സഹായിച്ചാൽ കേരളത്തിൽ കോൺഗ്രസിനെ തോൽപിക്കാൻ തിരിച്ചു സിപിഎമ്മിനെ ബിജെപി സഹായിക്കാമെന്നതാണ് അന്തർധാര.

എന്നാൽ കോൺഗ്രസ് ഇതു തകർക്കുമെന്നും ഇവരെ രണ്ടു കൂട്ടരെയും വരച്ച വരയിൽ നിർത്താനുള്ള ശക്തി കോൺഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയുടെ ഭരണത്തിൽ സംസ്ഥാനത്തെ സാമൂഹിക സുരക്ഷിതത്വം നഷ്ടപ്പെട്ടു. സംസ്ഥാനത്തെ ഭരണസംവിധാനം നിശ്ചലമാണ്. ഏതു വിധേനയും പണമുണ്ടാക്കുകയാണ് പിണറായിയുടെ ലക്ഷ്യം. അതിന് മോദിയുടെ ഒത്താശയുമുണ്ട്.

ലാവ്‌ലിൻ കേസ് അനന്തമായി നീളുന്നതും ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ എം.ശിവശങ്കറിന്റെ കൂട്ടു പ്രതിയായ പിണറായിക്കെതിരെ നടപടി ഇല്ലാത്തതും ഇതിന് ഉദാഹരണമാണെന്ന് സുധാകരൻ പറഞ്ഞു.

പിണറായിയുടെ കൈകൾ ശുദ്ധമല്ല. മടിയിൽ കനവുമുണ്ട്: സതീശൻ
വടകര∙ സംഘപരിവാറിന്റെ വർഗീയ ഫാഷിസത്തെ ഭാരതമണ്ണിൽ കുഴിച്ചുമൂടുകയും കേരളത്തിലെ അഴിമതിക്കാരും ധിക്കാരികളുമായ ഭരണാധികാരികൾക്ക് താക്കീതു നൽകുകയുമാണ് ഈ തിരഞ്ഞെടുപ്പിൽ കാലം നമ്മെ ഏൽപിച്ചിരിക്കുന്ന രണ്ടു ദൗത്യങ്ങളെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.

രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കേണ്ട ചുമതല നമ്മൾക്കാണ്. ഓരോ കോൺഗ്രസ് പ്രവർത്തകരും അനിവാര്യമായ ഈ ദൗത്യം ഏറ്റെടുക്കണമെന്നും ഒരു മഹായുദ്ധത്തിനുള്ള അങ്കപ്പുറപ്പാടിലാണു നമ്മളെന്നും അന്തിമവിജയം നമുക്കായിരിക്കുമെന്നും സതീശൻ പറഞ്ഞു. 

മകൾക്കെതിരെ കേസ് വന്നതോടെ പിണറായി സ്വീകരിച്ച നടപടികൾ അദ്ദേഹം നേരത്തെ അവകാശപ്പെട്ടതിനു വിരുദ്ധമായി അദ്ദേഹത്തിന്റെ കൈകൾ ശുദ്ധമല്ലെന്നും അദ്ദേഹത്തിന്റെ മടിയിൽ കനമുണ്ടെന്നും അന്വേഷണത്തിൽ അദ്ദേഹത്തിനു ഭയമുണ്ടെന്നും തെളിയിക്കുന്നതായും സതീശൻ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com