ADVERTISEMENT

നാദാപുരം∙ ആഴ്ചകളുടെ ഇടവേളയ്ക്കിടയിൽ വിലങ്ങാടിനു സമീപം മലയങ്ങാട്ട് പട്ടാപ്പകൽ വീണ്ടും കാട്ടാനക്കൂട്ടം. ഒട്ടേറെ വിളകൾ നശിപ്പിച്ച ഇവയെ ഇന്നലെ രാവിലെ കർഷകർ കണ്ടു. പത്തരയോടെ നാട്ടുകാരും വനം വാച്ചർമാരും മറ്റും ചേർന്ന് ഉൾവനത്തിലേക്കു കയറ്റി വിട്ട ആനകൾക്കൊപ്പം 2 കുട്ടിയാനകളുമുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഞായറാഴ്ച രാത്രി മുതൽ കൃഷിയിടങ്ങളിലെത്തി കയ്യാലകൾ തകർത്തും തെങ്ങുകളും കമുകും റബറും പിഴുതെടുക്കുകയും ചെയ്തു. കൂട്ടത്തിലെ ഒരു ആന കാത്തലിക്കുന്നേൽ ജോയിയുടെ വീടിനു സമീപം വരെയെത്തി. സമീപത്തെ കടയിലുള്ളവർ ആനയെ കണ്ടു കൃഷിയിടങ്ങളിൽ എത്തിയപ്പോഴാണ് ഇവ വരുത്തിയ നാശനഷ്ടം മനസിലായത്.

വിലങ്ങാട് മലയങ്ങാട്ട് ജനവാസ കേന്ദ്രത്തോടു ചേർന്നുള്ള 
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന.
വിലങ്ങാട് മലയങ്ങാട്ട് ജനവാസ കേന്ദ്രത്തോടു ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന.

വാണിമേലിലെ റിട്ട.പൊലീസ് എസ്ഐ ചെന്നാട്ട് മൊയ്തു, മുല്ലേരിക്കണ്ടി നഫീസ, ഒറ്റപ്പിലാക്കൂൽ അമ്മദ് ഹാജി, പരപ്പുപാറയിലെ പാറയുള്ള പറമ്പത്ത് ദേവി, നരിപ്പറ്റയിലെ പരേതനായ കരിങ്ങിരിയാമ്പറ്റ ഇബ്രാഹിമിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആനക്കൂട്ടമെത്തി വിളകൾ നശിപ്പിച്ചത്.

പൊന്മലക്കുന്നേൽ ഷിന്റോയുടെയും മണിമല ജോണിയുടെയും  റബർ, കമുക് എന്നിവ ഏറെക്കുറെ നശിപ്പിച്ചു. ആനക്കൂട്ടം കണ്ണൂരിലെ കണ്ണവം വനത്തിൽ നിന്നാണു കൃഷിയിടങ്ങളിലെത്തുന്നത്. വയനാട്ടിലേക്കുള്ള എളുപ്പ പാതയുമാണിത്.

കൂടരഞ്ഞി ∙  ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോര മേഖലയിൽ കർഷകർക്ക് ഭീഷണിയായി കാട്ടാന ശല്യം. മരത്തോട്, എടപ്പട്ടിപൊയിൽ, പന്നിയാൻമല, കുന്താണിക്കാട് ഭാഗങ്ങളിലാണു കാട്ടാന ശല്യം രൂക്ഷം. പകൽ പോലും ആനയിറങ്ങി വ്യാപകമായ കൃഷി നാശമാണു വരുത്തിയിരിക്കുന്നത്.

വാഴ, തെങ്ങ്, കൊക്കോ മുതലായവ നശിപ്പിക്കുന്നതു തുടരുകയാണ്. വിലത്തകർച്ചയും വിളനാശവും മൂലം ദുരിതത്തിലായ കർഷകർക്കു കാട്ടാനശല്യം ഇരുട്ടടിയായി. വേനൽ കടുത്തതോടെ കാട്ടാന ശല്യം രൂക്ഷമാകുമോയെന്ന ഭീതിയിലാണു പ്രദേശവാസികൾ.

ആനയ്ക്കു വിളയാട്ടം ; കർഷകനു പ്രാണവേദന: ഉത്തരവാദിത്തം നിറവേറ്റാതെ വനപാലകർ 
നാദാപുരം ∙ കാട്ടാനശല്യം തടയാൻ നടപടികൾ യാഥാർഥ്യമാകുന്നില്ല; വിലങ്ങാട് മേഖലയിൽ ജനം ഭീതിയിൽ. ഏറ്റവുമൊടുവിൽ ഡിസംബറിലാണു കാട്ടാനക്കൂട്ടം വിലങ്ങാട് മേഖലയിൽ വൻ നഷ്ടമുണ്ടാക്കിയത്. അന്ന് ഇ.കെ.വിജയൻ എംഎൽഎയും ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫും അടക്കമുള്ളവർ എത്തുകയും ആനകൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നതു തടയാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

സൗരോർജ വേലി നശിപ്പിച്ച് ഇറങ്ങുന്ന ആനക്കൂട്ടത്തെ തടയാൻ‌ സൗരോർജ വേലി സ്ഥാപിച്ചും കൂടുതൽ വാച്ചർമാരെ നിയമിച്ചും സുരക്ഷയൊരുക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനമെങ്കിലും ഇതൊന്നും നടപ്പായില്ലെന്നാണു കർഷകരുടെ പരാതി. കൃഷിയിടങ്ങളിലെ കാടു വെട്ടിത്തെളിയിക്കാൻ ഉടമകൾക്ക് നോട്ടിസ് നൽകാനും അന്നു തീരുമാനിച്ചിരുന്നു. അതും നടന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com