ADVERTISEMENT

കോഴിക്കോട്∙ ‘‘അത്യാവശ്യം കുട്ടികളുള്ള സ്കൂളാണ് എന്റേത്. സ്കൂളിലേക്ക് ഒരു മാസം അഞ്ചു പ്രാവശ്യം ഗ്യാസ് വാങ്ങണം. 3500 രൂപയുടെ പച്ചക്കറി ഒരാഴ്ച വേണം. 22,000 രൂപയുടെ പലവ്യഞ്ജനം വേണം. 92,000 രൂപ ചെലവും 72,000 രൂപ വരവുമാണ്. കഴിഞ്ഞ തവണ എന്റെ പേഴ്സിൽനിന്നു പോയതാണ്. തിരിച്ചുകിട്ടാൻ ഒരു വഴിയുമില്ല.’’ജില്ലയിലെ ഒരു പ്രധാനാധ്യാപകൻ പറയുന്നു. ജില്ലയിലെ സ്കൂളുകളിൽ കുട്ടികൾ കഴിക്കുന്ന ഉച്ചഭക്ഷണത്തിന് രുചി പകരുന്നത് അധ്യാപകരുടെ കണ്ണീരാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. 2016ലെ അതേ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിനു പണം അനുവദിക്കുന്നത്. പത്തു വർഷം പിന്നിടുമ്പോൾ സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് വില കൂട്ടാത്തതാണ് പ്രധാന വെല്ലുവിളി. അരി മാത്രമാണ് സപ്ലൈക്കോ വഴി ലഭിക്കുന്നത്. ബാക്കിയെല്ലാം പുറത്തുനിന്ന് കണ്ടെത്തണം.

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ പണം കൊടുക്കുന്നതിൽ വീഴ്ച വരുമ്പോൾ കുടുങ്ങുന്നത് അധ്യാപകരാണ്. അധ്യാപക സംഘടനകൾ കോടതിയെ സമീപിച്ചതോടെയാണ് മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് കുടിശിക തുക സർക്കാർ അനുവദിച്ചത്. രണ്ടുമാസം കൂടുമ്പോഴാണ് സർക്കാർ തുക അനുവദിക്കുന്നത്. നിലവിൽ ഒരു മാസത്തെ തുക കുടിശികയാണ്. ഇങ്ങനെ തുക അനുവദിച്ചാലും  അധ്യാപകരുടെ ദുരിതം തീരുന്നില്ല. അനുവദിക്കുന്ന തുകയേക്കാൾ കൂടുതൽ തുകയാണ് സ്കൂളുകളിൽ ചെലവഴിക്കേണ്ടി വരുന്നത്. 2016ലെ അതേ നിരക്കിലാണ് പണം അനുവദിക്കുന്നത്. എട്ടു വർഷത്തിനിടെ വൻ വില വർധനയാണ് പച്ചക്കറി മുതൽ പാചക വാതകത്തിനുവരെ സംഭവിച്ചത്. അതുകൊണ്ടുതന്നെ ഓരോ മാസവും പ്രധാനാധ്യാപകന്റെ കയ്യിൽനിന്ന് ഈ അധികതുക നഷ്ടപ്പെടും. 

അധ്യാപക രക്ഷാകർതൃ സംഘടനയ്ക്ക് സാമ്പത്തികശേഷിയുള്ള സ്കൂളുകളിൽ ഈ സാമ്പത്തിക പ്രതിസന്ധി അവർ ഏറ്റെടുത്ത് മറികടക്കുകയാണ് പതിവ്. പിറന്നാളുകളോ മറ്റു ചടങ്ങുകളോ വരുമ്പോൾ സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനുള്ള പണം നൽകുന്നവരുണ്ട്. ചില സ്കൂളുകളിൽ സ്പോൺസർഷിപ് വഴി പണം കണ്ടെത്താനുള്ള ശ്രമങ്ങളുമുണ്ട്. എങ്കിലും ജില്ലയിലൊരിടത്തും സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാനാണ് അധ്യാപകരുടെ ശ്രമം. അവർ പറയുന്നു: ‘‘ ഞങ്ങളുടെ കുട്ടികളല്ലേ, എത്ര പ്രതിസന്ധിയുണ്ടായാലും അവർക്ക് ഭക്ഷണം കൊടുക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്.’’ 

ഒരു കുട്ടിക്ക് ഉച്ചയൂണിന് എട്ടുരൂപ !
കോഴിക്കോട്∙ 2016ലെ നിരക്കു പ്രകാരമാണ് ഇപ്പോഴും കുട്ടികൾക്കു ഉച്ചഭക്ഷണത്തിനു തുക അനുവദിക്കുന്നത്. 150 കുട്ടികൾ വരെയുള്ള സ്കൂളിൽ ഒരു കുട്ടിക്ക് 8 രൂപയാണ് നിരക്ക്. 150 മുതൽ 500 വരെ വിദ്യാർഥികളുള്ള സ്കൂളിൽ ഒരു കുട്ടിക്ക് 7 രൂപയാണ് നിരക്ക്.  500ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു കുട്ടിക്ക് 6 രൂപയാണ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com