ADVERTISEMENT

കുന്നമംഗലം ∙ പോസ്റ്റ് ഓഫിസിലെ ജനകീയ മുഖം അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ കുഞ്ഞിക്കാമു 42 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്നു; ഇഡി ജീവനക്കാരൻ ആയതിനാൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ. കുന്നമംഗലത്തും പരിസരത്തും ഉള്ളവർക്ക് പോസ്റ്റ് ഓഫിസ് എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിൽ എത്തുക പോസ്റ്റ് ഓഫിസിലെ ഓൾറൗണ്ടറായ കുഞ്ഞിക്കാമു എന്ന കുഞ്ഞിക്കായുടെ മുഖം ആണ്.

1982ൽ കുന്നമംഗലം സബ് പോസ്റ്റ് ഓഫിസിൽ ടെലിഗ്രാം മെസഞ്ചർ (ഇഡി മെസഞ്ചർ) ആയി കുഞ്ഞിക്കാമു തുടക്കത്തിൽ 138 രൂപ ശമ്പളത്തിലാണ് ജോലിയിൽ പ്രവേശിച്ചത്. പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ഇഡി വിഭാഗം ജീവനക്കാരൻ ആയതിനാൽ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളോ കാര്യമായ ശമ്പള വർധനയോ ഉണ്ടായില്ല. എങ്കിലും ജനങ്ങൾ നൽകുന്ന ബഹുമാനവും ആദരവും വിലമതിക്കാനാകാത്തതാണ് എന്ന് അദ്ദേഹം പറയുന്നു. വിവിധ പോസ്റ്റ് ഓഫിസുകളിൽ പോസ്റ്റ് മാൻ ആയി പ്രവർത്തിച്ചതിനാൽ പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും സംശയം തീർക്കാനും ധാരാളം പേർ ദിവസവും ബന്ധപ്പെടുന്നുണ്ട്. 

ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ടെലിഗ്രാം മെസഞ്ചർ ആയ ഇദ്ദേഹം ‘കമ്പി’ സന്ദേശവുമായി വീട്ടിൽ എത്തുമ്പോൾ ആളുകൾ ഭയത്തോടെ കണ്ടിരുന്ന കാലവും കുഞ്ഞിക്കായുടെ ഓർമയിലുണ്ട്. ടെലിഗ്രാം സംവിധാനം തന്നെ പോസ്റ്റൽ ഡിപ്പാർട്മെന്റ് എടുത്തു മാറ്റിയതോടെ കുന്നമംഗലം സബ് പോസ്റ്റ് ഓഫിസിൽ നിന്നും മെസഞ്ചർ പോസ്റ്റ് ഒഴിവാക്കി. 2002ൽ മിൽമയോടു ചേർന്നു പെരിങ്ങൊളം ബ്രാഞ്ച് പോസ്റ്റ് ഓഫിസ് തുറന്നതോടെ ഇഡിഡിഎ കം ഡിഎംസി ആയി ജോലി ചെയ്തു.

ശമ്പളം കുറവായിരുന്നതിനാൽ ലീവെടുത്തു മറ്റു ജോലികളും ചെയ്തിട്ടുണ്ട്. 65 വയസ്സ് പൂർത്തിയായതോടെ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ പോസ്റ്റ് ഓഫിസിന്റെ പടിയിറങ്ങുമ്പോൾ നാട്ടിലെ മുഴുവൻ ആളുകളുടെയും വിവരങ്ങൾ മനഃപാഠമാക്കിയിട്ടുണ്ട് എന്നതാണ് കുഞ്ഞിക്കായുടെ ആകെ സമ്പാദ്യം. 3 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് മുന്നോട്ടു പോകാൻ ഇനി സർക്കാരിന്റെ വാർധക്യ കാല പെൻഷനോ മറ്റു ജോലിയോ നോക്കേണ്ട അവസ്ഥയാണെന്ന് ഇഡി ജീവനക്കാരായ സഹപ്രവർത്തകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com