ADVERTISEMENT

നാദാപുരം ∙ പശ്ചിമ തീരകനാൽ വികസന പദ്ധതി പൂർത്തിയാവുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി യാഥാർഥ്യത്തോടു അടുത്തുകൊണ്ടിരിക്കുകയാണെന്ന് വടകര മാഹി കനാലിനു കുറുകെ നിർമിച്ച വേങ്ങോളി പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ ഏറ്റവും നിർണായകമായി കണക്കാക്കുന്ന പദ്ധതിയിൽ ഒന്നാണു പശ്ചിമ തീര ജലപാതയുടെ വികസനം. ഇതിലൂടെ ആധുനിക യാനങ്ങൾ ഉപയോഗിച്ചുള്ള ഗതാഗതവും വിനോദസഞ്ചാര സാധ്യതകളും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലം പരിസരത്തു നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പാലത്തിന്റെ ഉദ്ഘാടന ഫലകം മന്ത്രി അനാഛാദനം ചെയ്തു. ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എംപി, എംഎൽഎമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, കെ.കെ.രമ, ഇൻലാൻഡ് നാവിഗേഷൻ കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷീല അലോക്കൻ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പത്മിനി, വി.കെ ജ്യോതിലക്ഷ്മി, ടി.പി.മിനിക, ജില്ലാ പഞ്ചായത്ത് മെംബർമാരായ എൻ.എം.വിമല, സുരേഷ് കൂടത്താങ്കണ്ടി, വടകര ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി.സൗമ്യ, മറ്റു ജനപ്രതിനിധികളായ ടി.കെ മോട്ടി, ഷക്കീല ഈങ്ങോളി, കെ.കെ.ബാബു, ടി.കെ.അരവിന്ദാക്ഷൻ, ഉൾനാടൻ ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഐ.വി.സുശീൽ എന്നിവരും വിവിധ രാഷ്ട്രീയ പ്രതിനിധികളും പ്രസംഗിച്ചു.

എടച്ചേരി വേങ്ങോളി പാലം റോഡിന് 3.5 കോടി
എടച്ചേരിയിൽ നിന്നും വേങ്ങോളി പാലം പാലത്തെ ബന്ധിപ്പിക്കുന്ന റോഡിന് 3.5 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഇ.കെ. വിജയൻ എംഎൽഎ. വേങ്ങോളി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. എടച്ചേരിയിൽ നിന്നും വേങ്ങോളി പാലത്തെ ബന്ധിപ്പിക്കുന്ന 1.2 കിലോമീറ്റർ റോഡാണു വീതി കൂട്ടി നവീകരിക്കുക. പ്രദേശവാസികൾ സ്ഥലം വിട്ടു നൽകാൻ സന്നദ്ധരായാൽ റോഡ് നവീകരണം ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.

ഉദ്ഘാടനം ഉത്സവമാക്കി നാട്ടുകാർ; 3 മണ്ഡലങ്ങളെ തഴുകി ‌പുതിയ പാലം
നാദാപുരം ∙എടച്ചേരി, പുറമേരി, ഏറാമല എന്നീ 3 പഞ്ചായത്തുകളെയും നാദാപുരം, കുറ്റ്യാടി, വടകര എന്നീ 3 നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന വേങ്ങോളി പാലത്തിന്റെ ഉദ്ഘാടനം നാട്ടുകാർ ഉത്സവമാക്കി. വർണാഭമായ ഘോഷയാത്രയോടെയാണു പരിപാടി തുടങ്ങിയത്. എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ഘോഷയാത്രയുടെ ഭാഗമായി. പായസം വിതരണവും ഗാനമേളയും ഉദ്ഘാടനത്തിനു മാറ്റുകൂട്ടി. എടച്ചേരി, പുറമേരി, നാദാപുരം ഭാഗങ്ങളിലുള്ളവർക്കു വടകര, വില്യാപ്പള്ളി ഭാഗങ്ങളിലേക്കും തിരിച്ചും എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗമാണു പാലം വഴി ഉണ്ടായിരിക്കുന്നത്.

ജലയാനങ്ങൾക്കു കടന്നുപോകാനായി ജലനിരപ്പിൽ നിന്നും 9 മീറ്റർ ഉയരത്തിലാണു പാലം പണിതത്. കനാൽ ബണ്ട് റോഡിലൂടെ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി ഇരുഭാഗത്തും രണ്ട് അണ്ടർ പാസുകളോടെ നിർമിച്ച പാലത്തിന് 62 മീറ്റർ നീളമുണ്ട്. 7 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും നടപ്പാതയും അടക്കം 11.30 മീറ്റർ വീതിയാണുള്ളത്. പാലവും അപ്രോച്ച് റോഡും അണ്ടർ പാസുകളും അടക്കമുള്ള പ്രവൃത്തിക്ക് 17.26 കോടി രൂപയാണ് ചെലവ്‌. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണു നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com