ADVERTISEMENT

കോഴിക്കോട്∙ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നു കോഴിക്കോട് നഗരത്തിലേക്കും മെഡിക്കൽ കോളജിലേക്കും ശുദ്ധജല എത്തിക്കുന്ന പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ 3 ദിവസമായി കുടിവെള്ളമില്ല. തിങ്കളാഴ്ച വൈകിട്ടോടെയാണ് ജല അതോറിറ്റിയുടെ കാലപ്പഴക്കം ഏറെയുള്ള പൈപ്പ് പൊട്ടിയത്. ചൊവ്വാഴ്ച രാവിലെ മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വെള്ളം നിലച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ഏറെ വലഞ്ഞു. 

വാർഡിലുള്ളവരും മറ്റുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത്. ശുചിമുറിയിൽ പോകാൻ പോലും രോഗികൾക്ക് വേണ്ടി പുറത്തു നിന്നു വെള്ളം വാങ്ങിക്കൊണ്ടു വരികയായിരുന്നു. ഒപിയിൽ എത്തിയവരും പരിശോധനയ്ക്കായി മൂത്രം ശേഖരിക്കാനായി ശുചിമുറിയിൽ പോകാനാവാതെ വലഞ്ഞു. ഉച്ചയോടെ ജല അതോറിറ്റി ടാങ്കറിൽ വെള്ളം എത്തിച്ചെങ്കിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താഴെ നിന്ന് ബക്കറ്റുകളിലും മറ്റു പാത്രങ്ങളിലും വെള്ളം ശേഖരിച്ച് മുകളിലെ വാർഡുകളിലേക്ക് കൊണ്ടുപോകേണ്ട ദുരവസ്ഥയായിരുന്നു.

4 ടാങ്കർ വെള്ളമാണ് ജല അതോറിറ്റി വിതരണം ചെയ്തത്. മെഡിക്കൽ കോളജ് ആശുപത്രി, മാതൃശിശു സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളം മുടങ്ങിയത്. സൂപ്പർ സ്‌പെഷ്യാലിറ്റി, പിഎംഎസ്എസ്‌വൈ ബ്ലോക്കുകളിൽ ടാങ്കുകളിലെ ശേഖരത്തിൽ നിന്ന് വെള്ളം ലഭിച്ചതിനാൽ രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടില്ല. മൂഴിക്കൽ ലൈനിൽ നിന്ന് ആശുപത്രിയിലേക്കുള്ള ഒരു ലൈനിലൂടെ ജലവിതരണം നടത്തിയെങ്കിലും വളരെ കുറഞ്ഞ അളവിലാണ് വെള്ളം ലഭിച്ചതെന്ന് രോഗികൾ പറഞ്ഞു.  

മുകളിലെ വാർഡുകളിലുള്ളവർക്കു കുടിവെള്ളം തീരെ ലഭ്യമായിട്ടില്ല. ഓർത്തോ, സർജറി വാർഡുകളിലുള്ളവർ ശുചിമുറിയിൽ പോകാനാവാതെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതായി കൂട്ടിരിപ്പുകാർ പറഞ്ഞു. നാൽപതോളം രോഗികൾ കിടക്കുന്ന ഓർത്തോ വാർഡിൽ കൂടെയുള്ളവർ കുപ്പികളിലും മറ്റ് പാത്രങ്ങളിലും വെള്ളം താഴെ നിന്ന് കൊണ്ടുവന്നാണ് പ്രാഥമിക കൃത്യം പോലും നടത്തിയത്. ശുചിമുറിയിൽ വെള്ളമില്ലാത്തതിനാൽ ദുർഗന്ധം രൂക്ഷമാണെന്നു പൂനൂർ സ്വദേശിയായ കൂട്ടിരിപ്പുകാരൻ പറഞ്ഞു. 

ചോർച്ച രാത്രിയോടെ അടച്ചു
മാവൂർ ∙ ജലവിതരണ പൈപ്പിന്റെ ചോർച്ച ഇന്നലെ രാത്രിയോടെ അടച്ചു. കൂളിമാട് പമ്പിങ് സ്റ്റേഷനിലെ സ്റ്റേജ് ഒന്ന് 54 എംഎൽഡി ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചാണ് പൈപ്‌ലൈൻ റോഡിൽ പാലക്കോൾ താഴത്ത് പൊട്ടിയ 900 എംഎം കാസ്റ്റ് അയേൺ പൈപ്പ് പൂർണമായി മാറ്റി സ്ഥാപിച്ചത്. പുതിയ പൈപ്പ് സ്ഥാപിച്ച് കോളർ ഘടിപ്പിക്കുന്ന പ്രവൃത്തി രാത്രി വൈകിയും നടന്നു. 

ഇന്നു രാവിലെയോടെ ജലവിതരണം തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷ. 54 എംഎൽഡി ട്രീറ്റ്മെന്റ് പ്ലാന്റ് നിർത്തിവച്ചതിനെത്തുടർന്നു കൂളിമാട് പമ്പിങ് സ്റ്റേഷനിലെ സ്റ്റേജ് രണ്ട് 18 എംഎൽഡി ട്രീറ്റ്മെന്റ് പ്ലാന്റ് 24 മണിക്കൂറും പ്രവർത്തിപ്പിച്ചു വെള്ളിപറമ്പ് ബൂസ്റ്റർ സ്റ്റേഷനിലേക്കു ശുദ്ധജലം എത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിനു വെള്ളം കിട്ടിയില്ല.  അസിസ്റ്റന്റ് എൻജിനീയർ സി.അക്ഷയ്, ഓവർസീയർ പി.ശ്രുതി എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com