ADVERTISEMENT

കോഴിക്കോട്∙ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ ഐടി ഹബ് ആക്കി കോഴിക്കോടിനെ മാറ്റുന്നതിനുള്ള സാഹചര്യങ്ങൾ തുറന്നുകിടക്കുകയാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലബാറിന്റെ ഐടി വികസനം ലക്ഷ്യമിട്ട്, ഒൻപതു സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സിറ്റി 2.0 നടത്തുന്ന ‘കെടിഎക്സ് ഗ്ലോബൽവേവ് 2024’ കേരള ടെക്നോളജി എക്‌സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിഷൻ 2030 എന്ന കാഴ്ചപ്പാടുമായാണു സർക്കാർ മുന്നോട്ടു പോകുന്നത്. ഐടിയും ടൂറിസവും അടക്കമുള്ള എല്ലാ മേഖലകളിലെയും സമഗ്രമായ വികസനത്തിലൂടെ ‘ന്യൂ കോഴിക്കോട്’ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ന്യൂഡൽഹി പോലെ ഒരു ന്യൂ കോഴിക്കോടാണ് ലക്ഷ്യം. ഐടി വികസനവും ടൂറിസം മേഖലയിലെ വികസനവും ആവശ്യമാണ്. കനോലി കനാൽ ഉൾപ്പെടുന്ന ജലപാതയുടെ വികസനത്തിന് 1300 കോടിയുടെ പദ്ധതിയാണു വരുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു. മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ. മെഹബൂബ് അധ്യക്ഷനായിരുന്നു.  എക്സ്പോ ബ്രോഷർ പ്രകാശനവും മന്ത്രി നിർവഹിച്ചു. 

സിറ്റി 2.0 ചെയർമാൻ അജയൻ കെ.അനാട്ട്, കോഴിക്കോട് ഐഐഎം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി,  ടാറ്റ എലക്‌സി മാനേജിങ് ഡയറക്ടർ മനോജ് രാഘവൻ, കെഎസ്ഐടിഐഎൽ മാനേജിങ് ഡയറക്ടർ ഡോ.സന്തോഷ് ബാബു, സൈബർ പാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.

‘ടാറ്റാ എൽഎക്സിയുടെ വിജയം കോഴിക്കോട്ടെ യുവാക്കളുടെ കരുത്ത് ’
കോഴിക്കോട്∙ ഐടി ജീവനക്കാർക്കു ലോകത്തിലെ മുൻനിര നഗരങ്ങളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും കോഴിക്കോട്ടും ലഭ്യമാക്കാൻ കഴിയുമെന്നു ടാറ്റാ എൽഎക്സി എംഡി മനോജ് രാഘവൻ. ടയർ 2, ടയർ 3 നഗരങ്ങളിൽ ബഹുരാഷ്ട്ര കമ്പനികളുടെ സാധ്യതകളെക്കുറിച്ച് കെടിഎക്സ് 24ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

20 വർഷം മുൻ‌പാണു തിരുവനന്തപുരത്തു  ടാറ്റാ എൽഎക്സി പ്രവർത്തനം തുടങ്ങിയത്. കോവിഡ് കാലത്തിനുശേഷം ജീവനക്കാരുടെ ചിന്താഗതിയിൽ വന്ന മാറ്റം കമ്പനി ശ്രദ്ധിച്ചു. ജീവനക്കാരെല്ലാം സ്വന്തം വീടിനടുത്ത് ജോലി ചെയ്യാനാണ് ആഗ്രഹിച്ചത്. ബെംഗളൂരുവിലെയും തിരുവനന്തപുരത്തെയും ജീവനക്കാരിൽ അധികവും മലബാർ പ്രദേശത്തു നിന്നാണ്. വികസിച്ചു വരുന്ന നഗരമായ കോഴിക്കോട്ട് തങ്ങൾ ഓഫിസ് തുടങ്ങാൻ തീരുമാനിച്ചത് അങ്ങനെയാണെന്നും മനോജ് രാഘവൻ പറഞ്ഞു.

ഒന്നര വർഷം കോഴിക്കോട്ട് പ്രവർ‍ത്തിച്ചു കൊണ്ട് പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ തുടങ്ങിയതോടെയാണ് ഇവിടെ കമ്പനി ശക്തമാക്കാൻ കഴിയുമെന്ന് ഉറപ്പിച്ചത്. ഇവിടെ വലിയ കമ്പനികൾ വളർന്നുവരുന്നേയുള്ളൂ എന്നത് ഇപ്പോഴത്തെ സാധ്യതയാണെന്നും മനോജ് രാഘവൻ പറഞ്ഞു. 

‘മെട്രോ നഗരങ്ങളല്ല; പുതുതലമുറയ്ക്ക് ഇഷ്ടം സ്വന്തം നാട്ടിലെത്താൻ’
പുതുതലമുറയുടെ സ്വപ്നങ്ങൾ മെട്രോ നഗരങ്ങളിലേക്ക് ഒതുങ്ങുന്നില്ലെന്ന് ഗ്രാന്റ് തോർടൺ ഭാരത് എൽഎൽപി നാഷനൽ ലീഡ് ഫോർ ഗവൺമെന്റ് രമേന്ദ്ര വർമ. മെട്രോനഗരങ്ങളിൽ ജോലി ചെയ്ത് പണമുണ്ടാക്കുന്നതിലും പ്രധാനം കുടുംബത്തോടൊപ്പം കഴിയുന്നതാണെന്ന് കരുതുന്നവരാണു പുതുതലമുറ. എന്നാൽ ജോലിയും വരുമാനവും പ്രധാനമാണ്. വൻനഗരങ്ങളിലെ ദുരിതങ്ങളിൽ നിന്ന് ആളുകൾക്കു സ്വന്തം നാട്ടിലേക്കു പോകാനാണ് ആഗ്രഹം. 

ടയർ 2, ടയർ 3 നഗരങ്ങളിൽ ജോലി നൽകിയാൽ അതാണു സ്വീകരിക്കുക. മെട്രോകളുടെ തൊഴിൽ പ്രാധാന്യം കുറയുകയാണ്.  രാജ്യത്തെ സ്റ്റാർട്ടപ്പുകൾ ഒന്നോ രണ്ടോ നഗരങ്ങളെ കേന്ദ്രീകരിച്ചല്ല. ഏറ്റവുമധികം സ്റ്റാർട്ടപ്പുകൾ വരുന്നത് ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നാണ്. ഏറ്റവുമധികം നിക്ഷേപങ്ങൾ വരുന്നതും ഇത്തരം വികസ്വര നഗരങ്ങളിലേക്കാണ്. 

പ്രാദേശികതലത്തിലുള്ള യുവാക്കളുടെ സാങ്കേതിക കഴിവുകൾ ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ല. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് വികസ്വര നഗരങ്ങളിൽ ജീവിതച്ചെലവുകൾ കുറവാണ്. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് വികസ്വര നഗരങ്ങളിൽ 50 ശതമാനത്തിൽ താഴെ മാത്രമാണ് ഇപ്പോഴും സ്ഥലങ്ങളും കെട്ടിടങ്ങളും ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com