ADVERTISEMENT

കോഴിക്കോട് ∙ വനം വകുപ്പ് ആസ്ഥാനത്തെ സ്ട്രോങ് റൂമിൽ വർഷങ്ങളായി സൂക്ഷിക്കുന്ന 23 ജോടി ആനക്കൊമ്പുകൾ ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ പട്ടാളത്തിനു നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ്. വന്യജീവിസംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ കൈമാറാനോ പ്രദർശിപ്പിക്കാനോ പാടില്ലെന്നു വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും കൈമാറാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.

പാങ്ങോട് പട്ടാള ക്യാംപ്, മദ്രാസ് റെജിമെന്റ്, ഗ്രനേഡിയേഴ്സ് ആർസി എന്നിവിടങ്ങളിൽ നിന്നുള്ള കമാൻഡിങ് ഓഫിസർമാരുടെ അപേക്ഷയിലാണു സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്. പാങ്ങോട്, ഗ്രനേഡിയേഴ്സ് എന്നിവിടങ്ങളിലേക്ക് 10 ജോടി വീതം ആനക്കൊമ്പ്, മാൻകൊമ്പ്, കാട്ടുപോത്തിന്റെ കൊമ്പ് എന്നിവയും മദ്രാസ് റെജിമെന്റിലേക്കു മൂന്നു ജോടി വീതം ആനക്കൊമ്പും മാൻകൊമ്പും നൽകാനാണു ചീഫ് വൈൽഡ് ലൈഫ് വാർഡനു സർക്കാർ അനുമതി നൽകിയത്.

കൊമ്പുകൾ കൊണ്ടു പോകുന്നതു പഠനാവശ്യത്തിനെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. പ്രദർശന ആവശ്യത്തിന് ഉപയോഗിക്കില്ല എന്ന് ഉറപ്പും പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കു പരിശോധിക്കും. പ്രദർശനത്തിനോ ട്രോഫി രൂപത്തിലോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ തിരിച്ചെടുക്കും. കൊണ്ടു പോകേണ്ടതും സൂക്ഷിക്കേണ്ടതും പൂർണമായും പട്ടാളത്തിന്റെ ഉത്തരവാദിത്തമാണ്.

വനം വകുപ്പിന് ആദ്യം നൽകിയ അപേക്ഷയിൽ, കമാൻഡിങ് ഓഫിസർമാരുടെ ഓഫിസുകളുടെയും ഇരിപ്പിടങ്ങളുടെയും അലങ്കാരത്തിനായി ഉപയോഗിക്കാൻ എന്നു സൂചിപ്പിച്ചിരുന്നതായാണു സൂചന. ഈ അപേക്ഷ വനം വകുപ്പ് തള്ളി. ഇതേ അപേക്ഷ പിന്നീട് ‘സുരക്ഷിതമായി സൂക്ഷിക്കാൻ’ എന്നാക്കി മാറ്റി സർക്കാരിനു സമർപ്പിച്ചതിലാണ് അനുകൂല നടപടി.

കൊമ്പുകൾ ഉൾപ്പെടെ വന്യജീവികളുടെ അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്നാണു നിയമം. അവ കത്തിച്ചു കളയുകയാണു രാജ്യാന്തര രീതി. കൈവശം സൂക്ഷിക്കണമെങ്കിൽ പോലും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേണം. കുടുംബ സ്വത്തായുള്ള കൊമ്പുകൾ മാത്രമേ പരമ്പരാഗതമായി കൈമാറാൻ സാധിക്കൂ. അവയും പ്രദർശിപ്പിക്കാൻ പാടില്ല. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ സമാനരീതിയിൽ പട്ടാളത്തിനു കൊമ്പുകൾ സൂക്ഷിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നാണു വനം വകുപ്പിന്റെ നിലപാട്. 

കൊമ്പുകളും മറ്റ് അമൂല്യ വനവിഭവങ്ങളും സൂക്ഷിക്കാൻ കോടികൾ മുടക്കി അടുത്തിടെയാണു വനം ആസ്ഥാനത്ത് സ്ട്രോങ് റൂം പണി കഴിപ്പിച്ചത്. അതിന്റെ ‘സുരക്ഷിതത്വവും’ ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com