കോട്ടക്കടവ് ഇക്കോ ടൂറിസം പദ്ധതി തകർന്നടിഞ്ഞു
Mail This Article
കടലുണ്ടി ∙ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടു നിർമിച്ച കോട്ടക്കടവ് ഇക്കോ ടൂറിസം പദ്ധതി തകർന്നടിഞ്ഞു. ലക്ഷങ്ങൾ ചെലവിട്ടു സജ്ജമാക്കി ഉദ്ഘാടനം പോലും നടത്താത്ത ടൂറിസം കേന്ദ്രത്തിലെ നിർമിതികൾ എല്ലാം നശിച്ചു. പദ്ധതി പ്രദേശത്ത് ചുറ്റുപാടും പൊന്തക്കാടുകൾ പടർന്നു. ആധുനിക രൂപകൽപനയിൽ ഫൈബർ ഗ്ലാസ് മേൽക്കൂരയിൽ കൂടി നിർമിച്ച ബോട്ട് ജെട്ടി നിലംപതിച്ചിട്ട് കാലമേറെയായി. പരിസ്ഥിതി സൗഹൃദ പദ്ധതിയിൽ മുളയുൽപന്നങ്ങൾ കൊണ്ടു ഒരുക്കിയ ഇൻഫർമേഷൻ സെന്ററും വിശ്രമ കേന്ദ്രവും എല്ലാം തകർന്നു.
നേരത്തേ ഇവിടേക്കു പ്രവേശിച്ചിരുന്ന മരപ്പാലം പൊട്ടി വീണു. ലക്ഷങ്ങൾ ചെലവഴിച്ചു എന്നല്ലാതെ വിഭാവനം ചെയ്ത പദ്ധതി യാഥാർഥ്യമാക്കുന്നതിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ല. കടലുണ്ടി കമ്യൂണിറ്റി റിസർവിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ സജ്ജമാക്കിയ ടൂറിസം കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയിൽ നശിച്ചത്. 14 വർഷം മുൻപ് കോട്ടക്കടവ് പാലത്തോടു ചേർന്നു വള്ളിക്കുന്ന് പഞ്ചായത്ത് വിട്ടുനൽകിയ 85 സെന്റ് സ്ഥലത്തു മലപ്പുറം ഡിടിപിസിയുടെ നേതൃത്വത്തിലാണ് ടൂറിസം പദ്ധതി തുടങ്ങിയത്.
38 ലക്ഷം രൂപ വകയിരുത്തി 2010ൽ വിഭാവനം ചെയ്ത പദ്ധതിയുടെ നിർമാണ ചുമതല അർധ സർക്കാർ സ്ഥാപനമായ സിഡ്കോയ്ക്ക് ആയിരുന്നു. ബോട്ട്ജെട്ടി, ഫുഡ് കോർട്ട്, ഇൻഫർമേഷൻ സെന്റർ, ആംഫി തിയറ്റർ, നടപ്പാത, വിശ്രമ കേന്ദ്രം എന്നിവ നിർമിച്ച് സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യമിട്ടത്. ഇതിൽ ബോട്ട് ജെട്ടിയും ഇൻഫർമേഷൻ സെന്ററും വിശ്രമകേന്ദ്രവും നിർമിച്ചിരുന്നു. പ്രവൃത്തിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ വിജിലൻസ് കേസ് വന്നതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു. പിന്നീട് പൂർത്തീകരണത്തിനു അധികൃതർ നടപടി സ്വീകരിക്കാതിരുന്നതാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ നാശത്തിനു വഴിവച്ചത്.