കപ്പക്കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ
Mail This Article
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ മൂന്നാം വാർഡിലെ ഓട്ടപ്പാലത്ത് കൃഷിയിടത്തിൽ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. എഴുതുകണ്ടി രാമകൃഷ്ണൻ, ഗോപി, ബാബു എന്നിവരുടെ ഗ്രീൻ നെറ്റ് സ്ഥാപിച്ച കൃഷിയിടത്തിലാണ് കാട്ടുപന്നികൾ കയറി കപ്പ നശിപ്പിച്ചത്. 3 ഏക്കർ കൃഷിയിടത്തിൽ 4,000 മൂടു കപ്പ നട്ടതിൽ കഴിഞ്ഞ ഒരു മാസമായി 1,000 എണ്ണമാണു നശിപ്പിച്ചത്. സമീപത്തെ വാഴക്കൃഷിക്കും നാശം വരുത്തി.
തോക്ക് ലൈസൻസ് പുതുക്കി നൽകാൻ നടപടിയില്ല
കൂരാച്ചുണ്ട് ∙ കർഷകർക്ക് മുൻപുണ്ടായിരുന്ന തോക്കിന് ലൈസൻസ് പുതുക്കി നൽകാത്തത് കാട്ടുപന്നിക്കൂട്ടത്തെ വെടിവയ്ക്കുന്നതിനു തടസ്സമാകുന്നു. പഞ്ചായത്ത് പരിധിയിൽ നിലവിൽ ഷൂട്ടർമാർ ഇല്ലാത്തതിനാൽ ചക്കിട്ടപാറ പഞ്ചായത്തിലെ 2 പേരെയാണു ഷൂട്ടർമാരായി നിയമിച്ചത്. കാട്ടുപന്നിയെ കണ്ടു വിവരം അറിയിച്ചാൽ 20 കിലോമീറ്ററോളം ദൂരെ നിന്നു ഷൂട്ടർമാർ വരേണ്ടതിനാൽ മിക്കപ്പോഴും പന്നികളെ വെടിവയ്ക്കാൻ സാധിക്കാത്ത പ്രശ്നമുണ്ട്. ഒട്ടേറെ പേർക്ക് മുൻപു തോക്ക് ലൈസൻസ് അനുവദിച്ചിരുന്നെങ്കിലും പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പിനെ തുടർന്നു പുതുക്കി നൽകിയിട്ടില്ല.