ADVERTISEMENT

ചേവായൂർ∙ കോടികളുടെ കുടിശിക കിട്ടാത്തതിൽ പ്രതിഷേധിച്ചു മരുന്നുവിതരണക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്കു മരുന്നു നൽകുന്നതു നിർത്തി. ഇനി മൂന്നു ദിവസത്തേക്കുള്ള മരുന്നുശേഖരം മാത്രമാണു മെഡിക്കൽ കോളജ് എച്ച്ഡിഎസ് ഫാർമസിയിൽ അവശേഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മരുന്നു വിതരണം ഇന്നു നിർത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇന്നലെത്തന്നെ വിതരണം നിർത്തിയെന്ന് ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 8 മാസത്തെ കുടിശിക 75 കോടി രൂപയായതോടെ വിതരണം നിർത്തുമെന്ന് അറിയിച്ച് 8ന് ആരോഗ്യമന്ത്രി, കലക്ടർ, കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർക്ക് കത്ത് നൽകിയിരുന്നു. തുടർനടപടിയോ അനുകൂല അറിയിപ്പോ ലഭിക്കാത്തതിനാലാണ് മരുന്ന് വിതരണം നിർത്തുന്നത്. ജീവൻരക്ഷാ മരുന്നുകൾ, സർജിക്കൽ ഐറ്റങ്ങൾ, ഫ്ലൂയിഡ് തുടങ്ങിയവ അടക്കമുള്ളവയ്ക്ക് ഇനി കടുത്ത ക്ഷാമം നേരിടും.

ഹൃദ്രോഗ ചികിത്സയ്ക്കുള്ള പേസ് മേക്കർ, ആൻജിയോ പ്ലാസ്റ്റിക്കു വേണ്ട സ്റ്റെന്റ്, ബലൂൺ, വാൽവ് തുടങ്ങിയ എല്ലാ ഉപകരണങ്ങളുടെയും വിതരണം 30 മുതൽ നിർത്തുമെന്ന് ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്‌സ് ആൻഡ് സിസ്പോസബിൾസ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. കുടിശികയുള്ള 30 കോടിയിൽ ഡിസംബർ വരെയുള്ള തുക മാർച്ച് 30 ന് അകം അനുവദിച്ചാൽ മാത്രമേ ഉപകരണങ്ങൾ നൽകൂ. കാർഡിയോളജി, കാർഡിയോ വാസ്‌കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗങ്ങളിലേക്കുള്ള വിതരണം നിലച്ചാൽ രോഗികൾ വലയും. ഇത്തരം ഉപകരണങ്ങൾ പുറത്തു നിന്നു വാങ്ങാൻ കിട്ടില്ല. വിതരണം 30 ന് നിർത്തുന്നതോടെ അവശേഷിക്കുന്ന സ്‌റ്റോക്ക് തീരുംവരെ അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടക്കൂ. ശേഖരം തീരുന്നതോടെ കാത്ത് ലാബിന്റെ പ്രവർത്തനം തടസ്സപ്പെടാനും സാധ്യതയുണ്ട്. ഉന്നത അധികാരികളെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും, സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com