ADVERTISEMENT

ചേവായൂർ∙ കുടിശ്ശിക 75 കോടി രൂപ കവിഞ്ഞതിനെ തുടർന്ന് വിതരണക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം നിർത്തിയതോടെ രോഗികളും ഡോക്ടർമാരും ആശങ്കയിൽ. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള (കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി) വാൽവ്, ഓക്‌സിജനറേറ്റർ തുടങ്ങിയവ നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഒരു ദിവസത്തേക്ക് തന്നെ ഇവ തികയില്ലെന്ന് ഡോക്ടർമാർ പറയുന്നു. അടിയന്തര സാഹചര്യം വന്നാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഡോക്ടർമാർ. രോഗികൾ പണം മുടക്കി പുറത്തുനിന്ന് ഇവ വാങ്ങി നൽകിയാൽ മാത്രമേ ഇനി ശസ്ത്രക്രിയ നടക്കൂ.

എല്ലുരോഗ വിഭാഗത്തിൽ ജീവൻരക്ഷയ്ക്ക് അടിയന്തരാവശ്യമുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ട കമ്പി, സ്‌ക്രൂ, പ്ലേറ്റ് തുടങ്ങിയ ഇംപ്ലാന്റുകൾ ഒരു ദിവസത്തേക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ. ഇന്നലെ വരെ ശസ്ത്രക്രിയകൾ ഒന്നും മുടങ്ങിയിട്ടില്ല. അടിയന്തര സ്വഭാവമില്ലാത്ത മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാത്രമാണ് മറ്റു കാരണങ്ങളാൽ തീയതി മാറ്റി നൽകിയത്. നെഫ്രോളജി വിഭാഗത്തിൽ ഇന്നലെ ഡയാലിസിസിന് മുടക്കം വന്നിട്ടില്ല. ഫിൽറ്റർ, ഇഞ്ചക്‌ഷൻ, ട്യൂബ്, മരുന്ന് എന്നിവയുടെ വിതരണം നിർത്തിയത് നാളെ മുതൽ ഡയാലിസിസ് രോഗികളെ ബാധിക്കും. ഒരു ദിവസത്തേക്ക് കൂടിയേ ശേഖരമുള്ളൂ.

ത്രിതല കാൻസർ സെന്ററിൽ സ്തനാർബുദ കീമോ തെറപ്പി ചെയ്യുന്ന രോഗിയുടെ രക്തത്തിന്റെ കൗണ്ടിൽ മാറ്റം വരുമ്പോൾ നൽകുന്ന മരുന്ന് തീർന്നതോടെ 1000 രൂപ വിലയുള്ള മരുന്നു പുറത്തു നിന്ന് വാങ്ങിയാണ് കീമോ പൂർത്തിയാക്കുന്നത്. കീമോതെറപ്പിക്കുള്ള 12,000 രൂപയുടെ മരുന്നും അടുത്തദിവസം മുതൽ രോഗികൾ പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. അതിനിടെ ഇന്റർനെറ്റ് ബന്ധം നിലച്ചതോടെ ഇൻഷുറൻസ് ആനുകൂല്യത്തിനായി 6 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നതായി കൊയിലാണ്ടിയിൽ നിന്നെത്തിയ രോഗി പറഞ്ഞു. ‌

വിതരണക്കാർ പ്രത്യക്ഷ സമരത്തിലേക്ക്
കോഴിക്കോട്∙ ഡിസംബർ വരെയുളള  കുടിശ്ശിക മാർച്ച് 31 ന് അകം ലഭിച്ചാൽ മാത്രമേ മരുന്ന് വിതരണം പുനരാരംഭിക്കൂ എന്ന് കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മന്ത്രി, കലക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർക്ക് കത്ത് നൽകിയിരുനഇതുവരെ അനുകൂല പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.  അനുകൂല നടപടി വൈകുകയാണെങ്കിൽ നിരാഹാരമടക്കമുള്ള പ്രത്യക്ഷ സമര പരിപാടികളിലേക്ക് സംഘടന കടക്കുമെന്ന് സംസ്ഥാന കൗൺസിൽ അംഗം സാംസൺ എം. ജോൺ അറിയിച്ചു.

സർക്കാർ ഇടപെടണം: എം.കെ.രാഘവൻ എംപി
കോഴിക്കോട്∙ മരുന്നു വിതരണം നിർത്തിയത് പരിഹരിക്കാൻ നടപടി വേണമെന്ന് മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവരോട് എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ടു. നടപടി വൈകുകയാണെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കും. 6 ജില്ലകളിലെ ഒന്നേകാൽ കോടി ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വളരെ ഗുരുതരമായ വിഷയമാണിതെന്നും എംപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com