ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നിന്റെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും ക്ഷാമം രൂക്ഷമാവുകയും ഡയാലിസിസും ഓപ്പറേഷനും അടക്കം നിര്‍ത്തിവയ്ക്കുകയും ചെയ്തതിനു പിന്നാലെ ഏകദിന ഉപവാസ സമരവുമായി എം.കെ.രാഘവന്‍ എംപി. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ മെഡിക്കല്‍ കോളജിനു മുന്‍പിലാണ് ഉപവാസ സമരം. എം.കെ.മുനീര്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്യും.

സാധാരണക്കാരുടെ അഭയ കേന്ദ്രമായ കോഴിക്കോട് മേഡിക്കല്‍ കോളജിനോടും രോഗികളോടും ജനങ്ങളോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് എം.കെ.രാഘവന്‍ എംപി ഏകദിന ഉപവാസം നടത്തുന്നതെന്ന് യുഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി അറിയിച്ചു. 

മലബാറിലെ ആറു ജില്ലകളില്‍ നിന്നുള്ള ഒന്നര കോടിയോളം വരുന്ന സാധാരണക്കാര്‍ക്ക് അത്താണിയാവുന്ന മെഡിക്കല്‍ കോളജില്‍ മരുന്നുക്ഷാമം രൂക്ഷമാവുകയും ശസ്ത്രക്രിയയ്ക്ക് അടക്കം ആവശ്യമായ വസ്തുക്കള്‍ കിട്ടാതാവുകയും ചെയ്തതോടെ രോഗികള്‍ ദുരിതത്തില്‍ വലയുകയാണ്. ആശുപത്രിയിലേക്ക് ആവശ്യമായ ഭൂരിഭാഗം മരുന്നുകളും ഡയാലിസിസിനുള്ള വസ്തുക്കളുമുള്‍പ്പെടെ രോഗികള്‍ പുറത്തുനിന്നും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. 

ജില്ലയിലെ 75 ഓളം വിതരണക്കാര്‍ക്കായി 75 കോടി രൂപയോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും കിട്ടാനുണ്ട്. വിതരണക്കാരുടെ സമരം ഒരാഴ്ചയായിട്ടും പരിഹാര നടപടികളെടുക്കാതെ ആരോഗ്യവകുപ്പ് കൈമലര്‍ത്തുകയാണ്. ഫണ്ട് ലഭിച്ചാലുടന്‍ വിതരണക്കാര്‍ക്ക് പണം നല്‍കുമെന്നു മാത്രമാണ് ആശുപത്രി അധികൃതരുടെ പ്രതികരണമെന്നും അതുവരെ ജനം ദുരിതമനുഭവിക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാടെന്നും യുഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി കുറ്റപ്പെടുത്തി. 

ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് ഉപവാസ സമരത്തിലേക്ക് നീങ്ങുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി. കോഴിക്കോട് മുസ്‌ലിം ലീഗ് ഓഫിസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com