ADVERTISEMENT

ഫറോക്ക് ∙ വിനോദ സഞ്ചാരികളെയും ദീർഘദൂര യാത്രക്കാരെയും വരവേൽക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഫറോക്ക് റെസ്റ്റ് ഹൗസ് കെട്ടിടം ഒരുങ്ങി. പുതിയ പാലത്തിനു സമീപം ദേശീയപാതയോരത്തെ 23 സെന്റ് ഭൂമി പ്രയോജനപ്പെടുത്തി 10,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ബഹുനില കെട്ടിടം പൂർത്തിയായി.

അവസാന ഘട്ട പണികൾ പുരോഗമിക്കുകയാണ്. അടുത്ത മാസം ആദ്യ വാരം പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്നതോടെ ഉദ്ഘാടനം നടത്താനാകും. 5.84 കോടി രൂപ ചെലവിട്ടു നിർമിച്ച റെസ്റ്റ് ഹൗസിൽ 2 വിഐപി മുറികളും 7 സാധാരണ മുറികളും ഉൾപ്പെടെ 3 നിലയിലായി 9 മുറികളുണ്ട്.

കോൺഫറൻസ് ഹാൾ, ഡൈനിങ് ഹാൾ, അടുക്കള, ശുചിമുറി, പാർക്കിങ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജമാക്കി. ഓപ്പൺ ടെറസിൽ മിനി റസ്റ്ററന്റ് സൗകര്യവുമുണ്ടാകും. ബേപ്പൂരിന്റെ പാരമ്പര്യ കരകൗശല വൈദഗ്ധ്യം സഞ്ചാരികളെ പരിചയപ്പെടുത്താൻ റെസ്റ്റ് ലോബിയിൽ ഉരുവിന്റെ മാതൃക ഒരുക്കുന്നുണ്ട്. ഒപ്പം ബേപ്പൂരിന്റെ പൈതൃകവും ചരിത്രവും ഉൾക്കൊള്ളിച്ചുള്ള ചുമർ ചിത്രവും വായനക്കാർക്ക് ചെറിയ ഓപ്പൺ ലൈബ്രറിയും റെസ്റ്റ് ഹൗസിൽ സജ്ജീകരിക്കുന്നുണ്ട്. തികച്ചും ഭിന്നശേഷി സൗഹൃദമാണ് രൂപകൽപന. 

1988ൽ നിർമിച്ച ഫറോക്കിലെ പഴയ റെസ്റ്റ് ഹൗസ് കെട്ടിടം കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായിരുന്നു. ബേപ്പൂർ മണ്ഡലത്തിലെ ടൂറിസം പ്രാധാന്യം  കണക്കിലെടുത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടാണ് റെസ്റ്റ് ഹൗസ് പുതുക്കിപ്പണിതത്. കൂടുതൽ മുറികൾ അടങ്ങിയ റെസ്റ്റ് ഹൗസ് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഉപകാരപ്രദമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com