ADVERTISEMENT

ഓമശ്ശേരി∙ 20 വർഷങ്ങൾക്കു മുൻപാണ് സ്റ്റേഡിയം നിർമാണത്തിനായി പ്രദേശത്തെ സ്വകാര്യ വ്യക്ത‌ികളിൽനിന്ന് ഓമശ്ശേരി പഞ്ചായത്ത് അധികൃതർ ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങിയത്. പഞ്ചായത്ത് മൈതാനം നവീകരിച്ച് സ്റ്റേഡിയമാക്കണമെന്ന ആവശ്യം ശക്തമായതോടെ ഇതിനായി തുക വകയിരുത്തണമെന്ന മുറവിളിയും ഉയർന്നു. ഒരു മണ്ഡലത്തിൽ ഒരു കളിസ്‌ഥലം എന്ന പദ്ധതിയുടെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിൽ നിന്നും എം.കെ.മുനീർ എംഎൽഎ ഓമശ്ശേരി പഞ്ചായത്ത് മൈതാനത്തെ തിരഞ്ഞെടുത്തതോടെ പ്രതീക്ഷകൾ വർധിച്ചു.

ഇതു സംബന്ധിച്ച സർക്കാർ പ്രഖ്യാപനം വന്നെങ്കിലും പദ്ധതിക്ക് ഒരു കോടി രുപയെങ്കിലും വകയിരുത്തം എന്നതിനാൽ പദ്ധതി പിന്നെയും നീണ്ടു.ഇപ്പോൾ എംഎൽഎയുടെ ആസ്ത‌ി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചത് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകിയിരിക്കുകയാണ്. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ 50 ലക്ഷം രൂപ ഫൗണ്ടേഷനിൽ നിന്നും ലഭ്യമായാലേ പദ്ധതി പ്രാവർത്തികമാവുകയുളളൂ. 

മൈതാനത്തിന്റെ വീതി കൂട്ടാൻ കൂടുതൽ സ്‌ഥലമേറ്റെടുക്കാനും ഇരുവശത്തും റോഡ് ഗതാഗതയോഗ്യമാക്കാനും പഞ്ചായത്ത് നീക്കം നടത്തുന്നുണ്ട്.മൈതാനം രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചും ഗാലറി സൗകര്യങ്ങളൊരുക്കിയും മലയോര മേഖലയുടെ കവാടമായ ഓമശ്ശേരിക്ക് മികച്ച ഒരു സ്‌റ്റേഡിയം നിർമിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ് എന്നിവയ്ക്കു പുറമേ, വിവിധ ക്ലബുകളുടെയും സ്‌കൂളുകളുടെയും കായിക പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്.

പഞ്ചായത്ത് സംഘടിപ്പിച്ച സൗജന്യ ഫുട്ബോൾ പരിശീലന ക്യാംപും പരിമിത സൗകര്യങ്ങളുള്ള ഈ മൈതാനത്താണ് നടത്തുന്നത്. വോളിബോളിന് പെരുമ കേട്ട നാടായ ഓമശ്ശേരിയിൽ സ്ഥിരമായി നടക്കാറുള്ള കാസിനോ ക്ലബ് വോളിബോൾ ടൂർണമെന്റ് അടക്ക മുള്ള മേളകളും സ്‌ഥലപരിമിതി മൂലം ഇപ്പോൾ സംഘടിപ്പിക്കാറില്ല. പഞ്ചായത്ത് മൈതാനം മിനി സ്‌റ്റേഡിയം ആക്കുന്നതോടെ പ്രദേശത്തെ കായിക മേഖലയ്ക്ക് അത് പുത്തൻ ഉണർവു നൽകുമെന്നാണ് പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com