ADVERTISEMENT

മേപ്പയൂർ∙ ടി.പി.ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊല ചെയ്തവർക്ക് വടകര മണ്ഡലത്തിലെ വോട്ടർമാർ  മറുപടി നൽകുമെന്ന് കെ.കെ.രമ എംഎൽഎ പറഞ്ഞു. ടിപിയുടെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തി കോടതി ശിക്ഷിച്ച കുഞ്ഞനന്തനെ പുണ്യവാളനായി ചിത്രീകരിച്ച കെ.കെ.ശൈലജയെ വടകര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നിരാകരിക്കുമെന്നും രമ പറഞ്ഞു.  മേപ്പയൂർ പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ.രമ.  

ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ കോവിഡ് കൊള്ള  നടത്തിയ ശൈലജ, മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ചെയ്തതെന്ന് തുറന്നു പറഞ്ഞത് ചാനൽ വാർത്തയിലൂടെ നാം കണ്ടതാണ്. ഇപ്പോൾ പരാജയഭീതിയിൽ ബിജെപിയുമായി രഹസ്യബന്ധത്തിനായി സിപിഎം അണിയറയിൽ നീക്കം ആരംഭിച്ചിരിക്കുന്നു. വടകരയും തൃശൂരും പരസ്പരം വോട്ട് മറിച്ച് വടകരയിൽ സിപിഎം സ്ഥാനാർഥിയേയും, തൃശൂരിൽ ബിജെപി സ്ഥാനാർഥിയേയും വിജയിപ്പിക്കാൻ വേണ്ടി നീക്കങ്ങൾ ആരംഭിച്ചു എന്നാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന രഹസ്യവിവരമെന്നു രമ പറഞ്ഞു.

സുരേന്ദ്രന്റെ പത്ര സമ്മേളനവും, എൽഡിഎഫ് കൺവീനർ എം.വി.ജയരാജന്റെ പ്രതികരണവും അതിന് തെളിവാണെന്നും വോട്ടർമാർ ഇത് തിരിച്ചറിയണമെന്നും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.എം.കുഞ്ഞമ്മദ് മദനി അധ്യക്ഷനായി. മു‌സ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇളങ്കൂറ്റിൽ അശോകൻ,  ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.എ.ലത്തീഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, ജെ.എസ്.എസ്.സംസ്ഥാന കമ്മിറ്റി അംഗം കെ.എം.സുരേഷ് ബാബു, കമ്മന അബ്ദുറഹ്മാൻ, എം.കെ.അബ്ദുറഹ്മാൻ,, പി.കെ.അനീഷ്, പറമ്പാട്ട് സുധാകരൻ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com