ADVERTISEMENT

ചേവായൂർ ∙ ശുദ്ധജലവിതരണ പൈപ്പ്  പൊട്ടിയതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങി. ചേവായൂർ, കോവൂർ, പാലാഴി, പൊക്കുന്ന്, കോവൂർ എംഎൽഎ റോഡ്, സൈബർ പാർക്ക്, ദേവഗിരി കോളജ്, പൊന്നങ്കോട്, മായനാട്, ഇരിങ്ങാടൻപള്ളി പ്രദേശങ്ങളിലാണു ശുദ്ധജലവിതരണം മുടങ്ങിയത്. ഇന്നലെ പുലർച്ചയ്ക്ക് പൈപ്പ് പൊട്ടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു.

രാവിലെ മുതൽ ടാങ്കർ ലോറിയിൽ ജല അതോറിറ്റി വെള്ളം എത്തിക്കുന്നുണ്ടെങ്കിലും മുകൾ നിലയിലുള്ള രോഗികളാണ് ഏറെ ദുരിതത്തിലായത്. ടാങ്കറിലെ വെള്ളം ശേഖരിച്ച് മുകളിലേക്ക് ബക്കറ്റിൽ കൊണ്ടുപോകാൻ കൂട്ടിരിപ്പുകാർ ഏറെ ബുദ്ധിമുട്ടി. തറയിലും പടികളിലും വീണ വെള്ളത്തിൽ ചവിട്ടി പലരും വഴുതി വീണു.  ജല അതോറിറ്റിയുടെ മൂഴിക്കൽ ലൈനിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനാൽ ഇടയ്ക്കിടെ വെള്ളം ലഭിക്കുന്നുണ്ടെന്നു രോഗികൾ പറഞ്ഞു. ‌

ദേവഗിരി കോളജ് റോഡിലെ കോവൂർ പമ്പ് ഹൗസിന് സമീപത്തെ പൈപ്പാണ് പൊട്ടിയത്. മാവൂർ കൂളിമാടിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളം വിതരണം ചെയ്യുന്ന പൈപ്പാണിത്. അറ്റകുറ്റപ്പണിക്കുള്ള പൈപ്പും സാമഗ്രികളും കടലുണ്ടിയിലെ ഗോഡൗണിൽ നിന്ന് കൊണ്ടുവരണമെന്നു ജല അതോറിറ്റി അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും ആഴത്തിലുള്ള വീതിയേറിയ പൈപ്പായതിനാൽ പണി ഒരു ദിവസം കൂടി നീളുമെന്നാണു വിവരം. 

അതേസമയം,  മെഡിക്കൽ കോളജിലെ എച്ച്ഡിഎസിന്റെ  ഡയാലിസിസ് ചെയ്യുന്ന വാർഡിലേക്ക് ഇന്നു വെള്ളം ലഭ്യമായില്ലെങ്കിൽ ടാങ്കറിൽ വെളളമെത്തിക്കാൻ ഏർപ്പാടാക്കി. മാവൂരിൽനിന്നുള്ള രണ്ട് ലൈനിൽ ഒരെണ്ണം മാത്രമേ മെഡിക്കൽ കോളജിലേക്കു നൽകുന്നുള്ളൂവെന്നും രണ്ടാമത്തെ ലൈൻ കൂടി കണക്‌ഷൻ കൊടുത്താൽ ബദൽ സംവിധാനമാകുമെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com