ADVERTISEMENT

ചേവായൂർ ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നാംദിവസവും ജലവിതരണം തടസ്സപ്പെട്ടു, പോസ്റ്റുമോർട്ടം 2 മണിക്കൂറോളം വൈകി. ഇന്നലെ 11 മൃതദേഹങ്ങളാണു പോസ്റ്റുമോർട്ടത്തിനു മോർച്ചറിയിൽ കൊണ്ടുവന്നത്. ജല അതോറിറ്റിയുടെ മൂഴിക്കൽ ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചു രാവിലെ 11 വരെ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും പിന്നീട് വൈദ്യുതി നിലച്ചതോടെ അവിടെ നിന്നുള്ള ജലവിതരണവും നിലച്ചു. തലേദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളാണ് ആദ്യം പോസ്റ്റുമോർട്ടം ചെയ്തത്. ഇന്നലെ അപകടത്തിലും മറ്റും മരിച്ച മൃതദേഹങ്ങൾ എത്തിച്ചപ്പോഴേക്കും വെള്ളം നിലച്ചു. 6 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടമാണു വൈകിയത്. പോസ്റ്റുമോർട്ടം വൈകിയതിൽ കലക്ടറോട് പരാതിപ്പെട്ടതായി മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞദിവസം ദേവഗിരി സെന്റ് ജോസഫ്സ് കോളേജിന് സമീപത്തുള്ള കോവൂർ സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ പൊട്ടിയതാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ജലവിതരണം 2 ദിവസം തടസ്സപ്പെടാൻ ഇടയാക്കിയത്. വെള്ളിയാഴ്ചയോടെ അവിടത്തെ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനരാരംഭിച്ചിരുന്നു. എന്നാൽ, ഇന്നലെ കുറ്റിക്കാട്ടൂരിലെ വാൽവ് കേടായതോടെ വീണ്ടും ജലവിതരണം മുടങ്ങി. ഉച്ചയോടെ അറ്റകുറ്റപ്പണി ചെയ്തു പുനസ്ഥാപിച്ചെങ്കിലും ഇന്നലെ രാത്രി 9 മണിയോടെയാണു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ശുദ്ധജലം എത്തിയതെന്നു രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. 

മോർച്ചറിക്കു പുറമേ ശസ്ത്രക്രിയാ തിയറ്ററുകൾ, ഡയാലിസിസ് വാർഡ് എന്നിവിടങ്ങളിലും ജലക്ഷാമം രൂക്ഷമായിരുന്നു. സംഭരിച്ച വെള്ളം ഉപയോഗിച്ചാണ് അടിയന്തര സാഹചര്യം നേരിട്ടത്. ജല അതോറ്റിറ്റി ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും ശുചിമുറി ഉപയോഗിക്കാൻ വരെ പ്രയാസപ്പെട്ടു. താഴെ നിന്ന് ബക്കറ്റിൽ കൊണ്ടുപോയാണ് പ്രാഥമികാവശ്യങ്ങൾ പോലും പലരും നിറവേറ്റിയത്.ചൂടുകൂടിയതോടെ വെള്ളത്തിന്റെ ആവശ്യവും വർധിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്കുള്ള ജലവിതരണ സംവിധാനം തടസ്സപ്പെടാതിരിക്കാൻ അടിയന്തര നടപടി എടുക്കണമെന്നാണു രോഗികളുടെ ബന്ധുക്കളും അധികൃതരും ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com