ADVERTISEMENT

കോഴിക്കോട് ∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നത്തെ തുടർന്നു പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്രിക എടുത്തു മാറ്റിയ ഭാഗത്തു വീണ്ടും കൊഴുപ്പ് അടിഞ്ഞുകൂടി വളർച്ചയുണ്ട്. ഇത് ഉടനെ നീക്കണമെന്നാണു ഡോക്ടർമാർ നിർദേശിച്ചതെന്നു ഹർഷിന പറഞ്ഞു.

നേരത്തെ ഇവരുടെ വയറ്റിൽ കുടുങ്ങിയ കത്രികയുടെ (ആർട്ടറി ഫോർസെപ്സ്) മുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക എടുത്തു മാറ്റിയെങ്കിലും ഇടയ്ക്കിടെ ആ ഭാഗത്തു വീണ്ടും വേദന അനുഭവപ്പെടാറുണ്ട്. 15 മിനിറ്റിൽ കൂടുതൽ നിൽക്കാൻ പറ്റുന്നില്ല. വേദന കടുത്തതോടെയാണു കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. 

2022 സെപ്റ്റംബർ 17നു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് 6.1 സെന്റീമീറ്റർ നീളവും പിടിക്ക് 5.5 സെന്റീമീറ്റർ വീതിയുമുള്ള ആർട്ടറി ഫോർസെപ്സ് ഹർഷിനയുടെ വയറ്റിൽ നിന്നു പുറത്തെടുത്തത്. 2017 നവംബർ 30ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു കത്രിക കുടുങ്ങിയതെന്നാണു പൊലീസ് കണ്ടെത്തിയത്. ഇതു പ്രകാരം അന്നു ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാർ, 2 നഴ്സുമാർ എന്നിവരെ പ്രതിചേർത്തു മെഡിക്കൽ നെഗ്ളിജൻസ് ആക്ട് പ്രകാരം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com