വേനൽ ചെമ്പനോട കടന്തറ പുഴ വറ്റി

Mail This Article
ചക്കിട്ടപാറ ∙ വേനൽ കടുത്തതോടെ ചെമ്പനോട കടന്തറ പുഴയിൽ വെള്ളം വറ്റി ജലക്ഷാമം രൂക്ഷമായി. പൂഴിത്തോട് മാവട്ടം മുതൽ പന്നിക്കോട്ടൂർ മേഖല വരെ ഉള്ള 5 കിലോമീറ്ററോളം പുഴയിൽ വെള്ളം ക്രമാതീതമായി കുറഞ്ഞത് കുടിവെള്ള ക്ഷാമത്തിനും കാരണമായിട്ടുണ്ട്.പുഴയുടെ സമീപത്തെ കിണറുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു. കുടിവെള്ള പദ്ധതി കുളങ്ങളിലും ജലം വറ്റി തുടങ്ങിയതും പ്രശ്നമാകുകയാണ്. ഒട്ടേറെ കുടുംബങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും ഈ പുഴയെ ആശ്രയിച്ചിരുന്നതും മുടങ്ങി.
കടന്തറ പുഴയിൽ വേനൽക്കാലത്ത് ജലം ശേഖരിക്കാൻ വിവിധ പദ്ധതികളുടെ എസ്റ്റിമേറ്റ് അധികൃതർ തയാറാക്കിയതല്ലാതെ തുടർ നടപടികൾ ഉണ്ടായിട്ടില്ല. പൂഴിത്തോട്, മാവട്ടം, കൊറത്തിപ്പാറ, ചെമ്പനോട, താമരമുക്ക്, പന്നിക്കോട്ടൂർ മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങൾ പുഴയിലെ ജലം വറ്റിയതോടെ വെട്ടിലായിരിക്കുകയാണ്.കാർഷിക വിളകളുടെ ജലസേചനത്തിനും പുഴയിലെ വെള്ളം മുൻപ് ഉപയോഗിച്ചിരുന്നതാണ്. പുഴ സംരക്ഷണ പദ്ധതി ആസൂത്രണം ചെയ്ത് നീരൊഴുക്ക് നിലനിർത്താൻ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.