ADVERTISEMENT

കോഴിക്കോട് ∙ ജലക്ഷാമം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഡിവിഷൻ ഓഫിസിൽ ഉപരോധ സമരം. രാവിലെ 10 മുതൽ പ്രതിഷേധക്കാരെത്തിയിരുന്നു. കോർപറേഷൻ 16, 17 വാർഡുകളിലെ ജലക്ഷാമത്തിനു പരിഹാരം കാണമെന്നാവശ്യപ്പെട്ട് കൗൺസിലർമാരായ സി.എം.ജംഷീർ, എം.പി.ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ ഡി.വിജിൽസിന്റെ ചേംബറിലായിരുന്നു പ്രതിഷേധം.

ഈ സമയം കോവൂർ എംഎൽഎ റോഡ്, ദേവഗിരി, പൊന്നംകോടുകുന്ന് തുടങ്ങിയ ഭാഗങ്ങളിലെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർമാരായ ഇ.എം.സോമൻ, ടി.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലും ഇവിടെ എത്തിയിരുന്നു.മൂഴിക്കൽ കോരക്കുന്ന്, വള്ളിയേക്കാട്, കാശ്മീർ കുന്ന്, പാറോൽ എന്നിവിടങ്ങളിൽ ഒന്നര മാസമായി വെള്ളമില്ല. കോവൂർ എംഎൽഎ റോഡ്, ദേവഗിരി, പൊന്നംകോട് കുന്ന് ഭാഗങ്ങളിൽ വെള്ളം മുടങ്ങിയിട്ടു മൂന്നാഴ്ചയായി. പല ഭാഗത്തും കിണറുകൾ പോലുമില്ല. വേനൽ ശക്തമായതിനാൽ കുടിവെള്ളത്തിനു പോലും ആളുകൾ ബുദ്ധിമുട്ടുകയാണ്. അതിനാൽ അടിയന്തര പരിഹാരം കാണണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിനിടെ സൂപ്രണ്ടിങ് എൻജിനീയറുടെ ചുമതലയുള്ള എം.എസ്.അൻസാർ എത്തി ചർച്ച നടത്തി. അടിയന്തരമായി പ്രശ്നം പരിഹരിക്കാമെന്നു ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിനെ തുടർന്നു പ്രതിഷേധം അവസാനിപ്പിച്ചു. വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴിയിൽ അടുത്ത ദിവസം പ്ലാന്റ് അടച്ചിടാനുള്ള നീക്കം ഒഴിവാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ പ്രവൃത്തി കുറച്ചു ദിവസത്തേക്കു മാറ്റിവയ്ക്കണമെന്ന് സൂപ്രണ്ടിങ് എൻജിനീയർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയറോട് അഭ്യർഥിച്ചു. സമരം എം.മോഹനൻ ഉദ്ഘാടനം ചെയ്തു. സലീം മൂഴിക്കൽ, കെ.പി.ശിവജി, കെ.കെ.നവാസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

കുന്നമംലത്തും വെള്ളമില്ല
കോർപറേഷൻ കൗൺസിലർമാരുടെ പ്രതിഷേധത്തിനു ശേഷം കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മലിന്റെ നേതൃത്വത്തിൽ മെംബർമാരായ എക്സിക്യൂട്ടീവ് എൻജിനീയറെ കണ്ടു ജലക്ഷാമത്തിന്റെ രൂക്ഷത അറിയിച്ചു. പതിമംഗലം, ആമ്പ്രമ്മൽ ഭാഗങ്ങളിൽ വെള്ളമില്ലെന്നും ജലജീവൻ മിഷൻ പ്രകാരം നൽകിയ പുതിയ കണക്‌ഷനുകളിൽ പലയിടത്തും വെള്ളമില്ലെന്നും ഇവർ പറഞ്ഞു. പത്താം മൈലിൽ പൊട്ടിയ പ്രധാന പൈപ്പ് നന്നാക്കിയെങ്കിലും ഇതിനു ശേഷം പലയിടത്തും വെള്ളമില്ല. ഇതു പരിശോധിച്ചു വരികയാണെന്നും ഉടനെ പരിഹാരം കാണാമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി.

പൈപ്പ് നന്നാക്കിയിട്ടും വെള്ളമെത്തിയില്ല
കുറ്റിക്കാട്ടൂർ, മായനാട് തുടങ്ങിയ ഭാഗങ്ങളിൽ പൈപ്പ് പൊട്ടിയതും വെള്ളത്തിന്റെ ഉപയോഗം കൂടിയതും ഉൾപ്പെടെയാണു ജലക്ഷാമം രൂക്ഷമാകാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊട്ടിയ പൈപ്പ് നന്നാക്കിയാലും പമ്പിങ് നടത്തുമ്പോൾ ഉയർന്ന ഭാഗങ്ങളിൽ വെള്ളമെത്താൻ താമസം എടുക്കാറുണ്ട്. അതുൾപ്പെടെയാണു പ്രശ്നത്തിനു കാരണമെന്നും അധികൃതർ വിശദീകരിച്ചു.

പണം ലഭിക്കാതെ കരാറുകാർ
ചെയ്ത പ്രവൃത്തികളുടെ തുക ലഭിക്കാത്തതിനാൽ പല പ്രവൃത്തികളും ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ല. അറ്റകുറ്റപ്പണിക്കുള്ള 10 പ്രവൃത്തികൾ കരാർ നൽകിയിട്ടു ആരും എടുക്കാത്തതിനാൽ ക്വട്ടേഷൻ ക്ഷണിച്ചിട്ടും ആരും ഏറ്റെടുക്കുന്നില്ല. ഇതിനാൽ ചോർച്ച പോലും അടയ്ക്കാൻ പറ്റാത്ത സാഹചര്യമാണ്.

ജലജീവൻ മിഷൻ പദ്ധതിയിൽ പ്രവൃത്തി നടത്തിയ വകയിൽ സംസ്ഥാനത്ത് 4,500 കോടി രൂപയും അറ്റകുറ്റപ്പണി നടത്തിയതിനു 18 മാസത്തെ കുടിശികയായി 170 കോടിയും ലഭിക്കാനുണ്ടെന്നു ഓൾ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.നാഗരത്നനും ജില്ലാ സെക്രട്ടറി ജിതിൻ ഗോപിനാഥും പറഞ്ഞു.

പൊക്കുന്നും ചേവായൂരും വെള്ളമില്ല
പൊക്കുന്ന് ഭാഗത്ത് രണ്ടാഴ്ചയായി വെള്ളമില്ല. ചേവായൂർ എണ്ണമ്പാലം റസിഡന്റ്സ് പരിധിയിലെ നൂറിലേറെ വീടുകളിലും വെള്ളമില്ലെന്നു നാട്ടുകാർ പറഞ്ഞു. പൊക്കുന്ന് ഭാഗത്തെ വീട്ടുകാർ ഇന്നു രാവിലെ ജല അതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com